Siraj Article
നൂറുല്‍ ഉലമ: എഴുതിത്തീരാത്ത ജീവിതം
കാലികവും നൂതനവുമാര്‍ന്ന വിദ്യാഭ്യാസ സരണിയില്‍ സമൂഹത്തെ നയിക്കുകയും ആത്മീയതയുടെയും ആദര്‍ശത്തിന്റെയും ശ്രേണിയിലേക്ക് ഈ ഉമ്മത്തിനെ വഴി നടത്തുകയും ചെയ്തു എം എ
പലകപ്പുറത്ത് അക്ഷരങ്ങള്‍ വരച്ച്, മസ്അലകളും വിശ്വാസ കാര്യങ്ങളും ഏറ്റുചൊല്ലി, ഖുര്‍ആന്‍ ആയത്തുകള്‍ മനപ്പാഠം ഉരുവിട്ട് ശാസ്ത്രീയമായ വ്യവസ്ഥകള്‍ ഒന്നുമില്ലാതെ പ്രാഥമിക പഠനം നടന്നു പോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മുമ്പ്. മുപ്പതുകളുടെ ആദ്യ പകുതിയില്‍ എന്റെയും പഠനം ഈ വിധത്തിലാണ് തുടങ്ങിയത്. കാസര്‍കോട് ജില്ലയിലെ ഉടുമ്പുന്തലയിലെ “മുറിക്കാന്റവിട’ എന്നറിയപ്പെടുന്ന എന്റെ സ്വന്തം വീട് തന്നെയായിരുന്നു അന്ന് ഞങ്ങളുടെ ഓത്തുപള്ളിയും. ചില സ്ഥലങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കാനായി ഖുര്‍ആന്‍ പഠിപ്പിക്കുന്ന മുല്ലമാരെ (സീതിമാര്‍) ശമ്പളം കൊടുത്ത് സ്‌കൂളുകളില്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു. അതിനൊന്നും ഏകീകൃത രൂപമോ സിലബസോ ഉണ്ടായിരുന്നില്ല.
(നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍)
പഠന പര്യവേക്ഷണങ്ങളും ഗവേഷണ മുന്നേറ്റവും ശാസ്ത്ര സാങ്കേതിക മികവും കൈവരിച്ച പുതിയ ലോകത്ത് നൂറുല്‍ ഉലമയുടെ സ്മരണക്കിടയില്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. തലമുറകള്‍ക്ക് പഠിക്കാനും വിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനും സാധിക്കുന്ന വരികള്‍. വൈജ്ഞാനിക രംഗത്ത് നാം കൈവരിച്ച വന്‍ വിപ്ലവങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്രങ്ങളയവിറക്കുകയും സാഭിമാനം കൊള്ളുകയും ചെയ്യുമ്പോഴും നൂറുല്‍ ഉലമ കൊളുത്തിവെച്ച വെളിച്ചം അതിരുകള്‍ ഭേദിക്കുകയാണ്.
കാലികവും നൂതനവുമാര്‍ന്ന വിദ്യാഭ്യാസ സരണിയില്‍ സമൂഹത്തെ നയിക്കുകയും ആത്മീയതയുടെയും ആദര്‍ശത്തിന്റെയും ശ്രേണിയിലേക്ക് ഈ ഉമ്മത്തിനെ വഴി നടത്തുകയും ചെയ്തു എം എ. വൈജ്ഞാനിക കൈരളിക്ക് മറക്കാനാകാത്ത നാമമാണ് അവിടുത്തേത്. പറഞ്ഞും എഴുതിയും പരിഷ്‌കരണങ്ങളുടെയും മാറ്റങ്ങളുടെയും ഇതിഹാസം തീര്‍ത്ത ചിന്താനായകന്‍.
നവോത്ഥാനം പലര്‍ക്കും അവകാശപ്പെടാം. എന്നാല്‍ നൂറുല്‍ ഉലമയുടെ നവോത്ഥാനങ്ങള്‍ പകല്‍ വെളിച്ചമായി, പച്ചയായി നാം കാണുന്നു. ഇസ്‌ലാമിക കൈരളിയുടെ ചരിത്രം നൂറുല്‍ ഉലമയെ മാറ്റിനിര്‍ത്തി പൂര്‍ത്തീകരിക്കാനാകില്ല. ഒരു കാലഘട്ടത്തെ എം എയുടെ മുമ്പ് – എം എയുടെ ശേഷമെന്ന് വിഭജിക്കാന്‍ വരെ സാധിക്കും. അദ്ദേഹം ചരിത്രത്തോടൊപ്പം സഞ്ചരിച്ചു. ചരിത്രം നൂറുല്‍ ഉലമയോടൊപ്പവും.
മദ്‌റസ എന്ന ആശയവും വ്യവസ്ഥാപിത മത വിദ്യാഭ്യാസ രീതിയും
സമന്വയ വിദ്യാഭ്യാസത്തിന്റെ അനിവാര്യത, നേതൃപാടവമുള്ള പണ്ഡിതരെ വാര്‍ത്തെടുക്കുക, മുസ്‌ലിം ഉമ്മത്തിന്റെ ആത്മീയ – വിദ്യാഭ്യാസ മുന്നേറ്റം ഇതൊക്കെ ആ ചിന്താ മണ്ഡലത്തില്‍ നിന്ന് യാഥാര്‍ഥ്യമായി. ഇതിന് താന്‍ വളര്‍ത്തിയെടുത്ത ജാമിഅ സഅദിയ്യയെ തന്നെ വിപ്ലവ ഭൂമിയായി തിരഞ്ഞെടുത്ത് ജൈത്ര യാത്ര ആരംഭിച്ചു. ആദര്‍ശം, ആത്മീയത, അധ്യാപനം, സംഘാടനം, വിദ്യാഭ്യാസം, എഴുത്ത് എന്നീ മേഖലകളെല്ലാം ഒരേ സമയം കൊണ്ടുനടന്ന ക്രാന്തദര്‍ശിയായ പണ്ഡിതനാണ് എം എ. സമയ ക്രമീകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കുകയും ആസൂത്രണ മനോഭാവത്തോടെ കരുക്കള്‍ നീക്കുകയും ചെയ്തു. ഒരേ സമയത്ത് തന്നെ പല പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി.
സ്വാതന്ത്ര്യാനന്തരം ദേശീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കപ്പെട്ടതോടെ പള്ളിക്കൂടങ്ങളില്‍ നിന്ന് മത വിദ്യാഭ്യാസം മാറ്റി നിറുത്തപ്പെട്ട ഒരു ഘട്ടത്തില്‍ ബദല്‍ സംവിധാനം കണ്ടെത്തേണ്ടത് അനിവാര്യമായി വന്നു. അങ്ങനെയാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അതിന് ഉസ്താദിന്റെ എഴുത്ത് കാരണമായി. 1951 സെപ്തംബര്‍ 17ന് വാളക്കുളത്ത് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ പങ്കെടുത്ത 27 പേരില്‍ അവസാനത്തെ കണ്ണിയാണ് എം എ.
ഉപരി പഠനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്‌സ് സയന്‍സ് വിഷയങ്ങളില്‍ സാധ്യമാകുന്ന സംവിധാന മേര്‍പ്പെടുത്തി. കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങി പ്രത്യയ ശാസ്ത്രങ്ങളെയും സിദ്ധാന്തങ്ങളെയും ആഴത്തില്‍ പഠിച്ചു. യുക്തിവാദങ്ങളെയും നിരീശ്വര നിര്‍മിത വാദങ്ങളെയും ഉത്തരേന്ത്യയില്‍ നിന്ന് ഉടലെടുത്ത തബ്‌ലീഗ് പോലുള്ള പ്രസ്ഥാനങ്ങളെയും ഖണ്ഡിച്ച് എഴുതി. എഴുതിത്തീരാത്ത ജീവിതമായിരുന്നു നൂറുല്‍ ഉലമയുടേത്. വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രതികരിക്കാനും അദ്ദേഹത്തിന്റെ തൂലികക്കുള്ള മൂര്‍ച്ച അപാരമായിരുന്നു. ഏത് വിഷയവും പേനക്ക് വഴങ്ങും. മത, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെല്ലാം അപ്പപ്പോള്‍ പ്രതികരിച്ചു. സമ്പൂര്‍ണ കൃതികള്‍ എന്ന ആശയവുമായി പ്രസാധകര്‍ ചെന്നപ്പോള്‍, അല്ല, എനിക്ക് ഇനിയും എഴുതാനുണ്ട് എന്നാണ് ഉസ്താദ് പ്രതികരിച്ചത്. നൂറുകൂട്ടം പ്രവര്‍ത്തന പദ്ധതികള്‍ക്കിടയില്‍ ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിക്കുകയും മാസികകളിലും പത്രങ്ങളിലും സ്ഥിരമായി എഴുതുകയും ചെയ്തു.
1951ല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെയും 54ല്‍ രൂപവത്കൃതമായ സുന്നി യുവജന സംഘത്തിന്റെയും ബുദ്ധി കേന്ദ്രം നൂറുല്‍ ഉലമയായിരുന്നു. 58ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപവത്കരിക്കുന്നതും ശേഷം മുഅല്ലിം ക്ഷേമനിധി ആവിഷ്‌കരിച്ചതും അവിടുത്തെ ആസൂത്രണമാണ്.
പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും നിരപരാധികളെ വേട്ടയാടുമ്പോഴും ഇസ്‌ലാമിക വിരുദ്ധ നീക്കങ്ങള്‍ നടക്കുമ്പോഴും അദ്ദേഹം പേനയെടുത്ത് ശ്രദ്ധേയമായ പ്രസ്താവനകളിറക്കിയും ലേഖനമെഴുതിയും ജനങ്ങളെ ഉത്ബുദ്ധരാക്കി.
മുസ്‌ലിം ഉമ്മത്തിന്റെ ആദര്‍ശ വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്തിരുന്ന് നമ്മെ നയിക്കുകയും ചെയ്ത നൂറുല്‍ ഉലമയുടെ ജീവിതവും ശേഷവും സഅദിയ്യയുടെ മാറിടത്തിലാണ്. സ്ഥാപനത്തിന്റെ വാര്‍ഷിക- സനദ് ദാന സമ്മേളനം നടക്കുകയാണ്. താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ടും കൊണ്ടാടപ്പെടുന്നു. ഇതിനോടനുബന്ധിച്ച് ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടുന്ന നൂറുല്‍ ഉലമ സ്മാരക ടവര്‍ ചരിത്രത്തില്‍ എം എ ഉസ്താദിനെ അടയാളപ്പെടുത്തിവെക്കും.