Connect with us

ആരോഗ്യം

ദന്താരോഗ്യത്തിന് പോഷകമുള്ള ഭക്ഷണം

ഇരുമ്പിന്റെ സ്രോതസ്സുകളായ ഇലക്കറികൾ, മാംസം, കടല, പയറു വർഗങ്ങൾ, തവിടോടുകൂടിയ ധാന്യങ്ങളായ മില്ലറ്റുകൾ, ചുവന്ന അവിൽ ഇവയെല്ലാം ദന്താരോഗ്യത്തിന് അനിവാര്യമാണ്.

Published

|

Last Updated

പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് സ്ത്രീകളുടെ പൊതുവായ ആരോഗ്യത്തിന് മാത്രമല്ല ദന്താരോഗ്യത്തിനും അത്യാവശ്യമാണ്. ആരോഗ്യമുള്ള പല്ലുകൾ, മോണ, നാക്ക്, ഇമിനീർ ഉത്പാദനം എന്നിവക്കെല്ലാം പോഷക സമൃദ്ധമായ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
സ്ത്രീയുടെ ജീവിതം ഓരോ ഘട്ടത്തിലും പല ഹോർമോൺ വ്യതിയാനങ്ങളിൽ കൂടി കടന്നുപോകുന്നതാണ്. ഈ സാഹചര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ അവളുടെ ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
സ്ത്രീ ഹോർമോണായ ഈസ്ട്രജനും പ്രൊജസ്‌ട്രോണും കൂടുന്ന ആർത്തവ സമയത്ത് മോണകളിൽ അണുബാധയുണ്ടാകാൻ സാധ്യതയേറെയാണ്. ഹോർമോൺ വ്യതിയാനം മൂലം ഗർഭിണികളിലും മോണയിൽ പഴുപ്പും രക്തസ്രാവവും ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം അവരുടെ ആഹാരരീതികളെയും ദന്താരോഗ്യത്തെയും ബാധിക്കാം.

ആരോഗ്യമുള്ള മോണയും പല്ലുകളും

ആരോഗ്യമുള്ള പല്ലുകൾക്കും മോണക്കും പോഷക സമൃദ്ധമായ ആഹാരം അത്യന്താപേക്ഷിതമാണ്. തവിടോടുകൂടിയുള്ള ധാന്യങ്ങൾ, പയറു, പരിപ്പ് വർഗങ്ങൾ, പച്ചക്കറികളും പഴവർഗങ്ങളും പാലും പാലുത്പന്നങ്ങളും കൊഴുപ്പും എല്ലാം അടങ്ങിയ ഒരു സന്തുലിത ഭക്ഷണ ക്രമമാണ് ദന്താരോഗ്യത്തിന് വേണ്ടത്.
കാത്സ്യവും വിറ്റാമിൻ ഡിയും താടിയെല്ലിന്റെയും പല്ലിന്റെയും ദൃഢതക്ക് ആവശ്യമാണ്. ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ വിറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നു. എന്നിരുന്നാലും ഒട്ടുമിക്ക സ്ത്രീകളിലും ഇതിന്റെ അഭാവം കാണുന്നുണ്ട്. കാത്സ്യത്തിന്റെ കുറവും ആർത്തവത്തോടടുക്കുന്ന സ്ത്രീകളിൽ കാണുന്നുണ്ട്. കാത്സ്യം കൂടുതലടങ്ങിയ പാലും പാലുത്പന്നങ്ങളും ഇലക്കറികൾ, സോയാബീൻസ്, കപ്പലണ്ടി, കശുവണ്ടി മുതലായവ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ഫ്ലൂറെഡ് എന്നത് ദന്താരോഗ്യത്തിന് അത്യാവശ്യം വേണ്ട ഒരു ധാതുവാണ്. പാലക് ചീര, ഉണക്കമുന്തിരി, ഞണ്ട്, ചെമ്മീൻ എന്നിവയിൽ ഇത് ധാരാളമായുണ്ട്. പല്ലിലുണ്ടാകുന്ന അണുബാധ തടയാനും പല്ലിന്റെ ദൃഢത കൂട്ടാനും ഇത് സഹായിക്കുന്നു.
വിറ്റാമിൻ A, C മുതലായവയും ആരോഗ്യമുള്ള മോണകൾക്കും ഉമിനീർ ഉത്പാദനത്തിനും ആവശ്യമാണ്. പ്ലേറ്റിൽ മഴവിൽ വർണമുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുകയാണെങ്കിൽ ആവശ്യം വേണ്ട വിറ്റമിനുകളും ധാതുക്കളും യഥേഷ്ടം ലഭിക്കും.
നാരിന്റെ ഉറവിടങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, വിത്തുകൾ, തവിടോടുകൂടിയുള്ള ധാന്യങ്ങൾ ഇവയെല്ലാം പോഷകം പ്രദാനം ചെയ്യുന്നതോടൊപ്പം വായയിലെ അണുക്കളെ നീക്കം ചെയ്യാനുതകുന്നു.

ഇരുമ്പിന്റെ സ്രോതസ്സുകളായ ഇലക്കറികൾ, മാംസം, കടല, പയറു വർഗങ്ങൾ, തവിടോടുകൂടിയ ധാന്യങ്ങളായ മില്ലറ്റുകൾ, ചുവന്ന അവിൽ ഇവയെല്ലാം ദന്താരോഗ്യത്തിന് അനിവാര്യമാണ്.
പോഷകാഹാരത്തിനോടൊപ്പം നന്നായി വെള്ളം കുടിക്കുന്നതും ആഹാരത്തിനു ശേഷം വായ വൃത്തിയാക്കുന്നതും ദന്താരോഗ്യത്തിനാവശ്യമാണ്.
ദോഷകരമായ ഭക്ഷണങ്ങളും ഭക്ഷണ ശീലങ്ങളും
മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, മിഠായികൾ, ഐസ്‌ക്രീം, മധുരം കൂടുതലടങ്ങിയ പാനീയങ്ങൾ, കോളകൾ, നിറങ്ങളും കൃത്രിമ ചേരുവകളുമടങ്ങിയ ആഹാരപദാർഥങ്ങൾ, മൈദയിലുണ്ടാക്കുന്ന പലഹാരങ്ങളായ പഫ്‌സ്, പേസ്ട്രി, സമോസ മുതലായവ ദോഷകരമാണ്.
മധുരം കൂടിയതും അസിഡിറ്റി കൂടിയതുമായ ഭക്ഷണപദാർഥങ്ങൾ പല്ലുകളിൽ പോടുണ്ടാക്കാനും ദന്തക്ഷയത്തിനും കാരണമാകുന്നു. അതിനാൽ വിനാഗിരി, ആപ്പിൾ സിഡർ വിനാഗിരി മുതലായവ ചേർത്തുള്ള അച്ചാറുകളും മറ്റു ആഹാര പദാർഥങ്ങളുടെ ഉപയോഗവും പരിമിതപ്പെടുത്തുക. ഇടക്കിടക്ക് ആഹാരം കൊറിക്കുന്ന ശീലം ഒഴിവാക്കുക.
വളരെ ചൂടുള്ളതും തണുത്തു മരവിക്കുന്ന ഭക്ഷണപദാർഥങ്ങളും പല്ലിന്റെ ഇനാമലിന് നന്നല്ല.
നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും പോഷിപ്പിക്കുന്നതാകണം. അത് നല്ലൊരു പുഞ്ചിരി മനസ്സിൽ നിന്നും വിടർത്താൻ സഹായിക്കും

ഡയറ്റീഷൻ, ഉമാസ് നൂട്രിയോഗ തിരുവനന്തപുരം