Connect with us

From the print

എം പിമാരുടെ സത്യപ്രതിജ്ഞ; ജയ് വിളി, ഹിന്ദു രാഷ്ട്രം മുതൽ ഫലസ്തീൻ വരെ

രാഹുലിനെ ക്ഷണിച്ചപ്പോൾ കോൺഗ്രസ്സ് അംഗങ്ങൾ "ജോഡോ ജോഡോ, ഭാരത് ജോഡോ' എന്ന മുദ്രാവാക്യം മുഴക്കി. ബി ജെ പി അംഗങ്ങൾ ജയ്ശ്രീറാം മുഴക്കിയാണ് ഇത് പ്രതിരോധിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, തൃണമൂൽ കോൺഗ്രസ്സ് അംഗങ്ങളായ യൂസുഫ് പഠാൻ, അഭിഷേക് ബാനർജി, ഡി എം കെ പ്രതിനിധി കനിമൊഴി, ബി ജെ പി നേതാവ് നാരായണ റാണെ, എൻ സി പി (എസ് പി) നേതാവ് സുപ്രിയ സുലെ, ശിവസേന (യു ബി ഡി) നേതാവ് അരവിന്ദ് സാവന്ത്, എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഉവൈസി തുടങ്ങിയ പ്രമുഖർ എം പിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പ്രതിപക്ഷ നിരയിൽ നിന്നുയർന്ന കരഘോഷങ്ങൾക്കിടെയാണ് ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള എം പിയായി രാഹുൽ ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തത്. രാഹുലിനെ ക്ഷണിച്ചപ്പോൾ കോൺഗ്രസ്സ് അംഗങ്ങൾ “ജോഡോ ജോഡോ, ഭാരത് ജോഡോ’ എന്ന മുദ്രാവാക്യം മുഴക്കി. ബി ജെ പി അംഗങ്ങൾ ജയ്ശ്രീറാം മുഴക്കിയാണ് ഇത് പ്രതിരോധിച്ചത്.
രാഹുലിനു പിന്നാലെ അമേഠിയിൽ നിന്നുള്ള കിഷോരിലാൽ ശർമ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് കനൗജ് എം പിയായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.

അസദുദ്ദീൻ ഉവൈസി സത്യപ്രതിജ്ഞക്ക് ശേഷം “ജയ് ഫലസ്തീൻ’ മുദ്രവാക്യം വിളിച്ചതും ബി ജെ പി അംഗം ഛത്രപാൽ സിംഗ് “ജയ് ഹിന്ദുരാഷ്ട്രം’ എന്നു വിളിച്ചതും സഭയിൽ ബഹളത്തിനിടയാക്കി. സത്യപ്രതിജ്ഞക്ക് ശേഷം ജയ് ഭീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ എന്നാണ് അസദുദ്ദീൻ ഉവൈസി പറഞ്ഞത്. പാർലിമെന്റിൽ ഇത് അനുവദിക്കരുതെന്നും സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും ബി ജെ പി. എം പി ശോഭ കരന്തലജെ ആവശ്യപ്പെട്ടു. ഉവൈസി സത്യപ്രതിജ്ഞ ചെയ്യാൻ ഏഴുന്നറ്റപ്പോൾ തന്നെ ഭരണപക്ഷ എം പിമാർ ജയ് ശ്രീറാം ഉൾപ്പെടെയുള്ള മുദ്രവാക്യങ്ങൾ ഉയർത്തി ബഹളം വെച്ചിരുന്നു.

ഗാസിയാബാദ് എം പി അതുൽ ഗാർഗ് സത്യവാചകത്തിനു ശേഷം നരേന്ദ്ര മോദിക്കും ഹെഡ്‌ഗേവാറിനും ജയ് വിളിച്ചതും പ്രതിപക്ഷ ബഹളത്തിനിടയാക്കി.
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് വിജയിച്ച സമാജ്‌വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദിന്റെ സത്യപ്രതിജ്ഞ ജയ് ശ്രീറാം വിളിച്ചാണ് പ്രതിപക്ഷം ആഘോഷിച്ചത്. അവധേഷ് പ്രസാദും സത്യപ്രതിജ്ഞക്ക് ശേഷം ജയ് ശ്രീറാം വിളിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള അംഗങ്ങൾ സത്യപ്രതിജ്ഞക്ക് ശേഷം, നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ആദിവാസികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം വിളിക്കുന്നതിനും സഭ സാക്ഷിയായി.

ഇന്നലെയും ചില എം പിമാർ പ്രദേശിക ഭാഷയിൽ സത്യവാചകം ചൊല്ലി. വിവിധ കാരണങ്ങളാൽ സത്യപ്രതിജ്ഞക്ക് ഹാജരാകാൻ കഴിയാത്ത നിയുക്ത എം പിമാർക്ക് പാർലിമെന്റിൽ ഹാജരാകുന്ന മുറക്ക് സത്യ പ്രതിജ്ഞ ചെയ്യാൻ കഴിയും.

---- facebook comment plugin here -----

Latest