Connect with us

From the print

സത്യപ്രതിജ്ഞ നാളെ; വടംവലി തുടരുന്നു

റെയിൽവേക്കായി ജെ ഡി യു • സ്പീക്കർ സ്ഥാനത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറായി ടി ഡി പി

Published

|

Last Updated

ന്യൂഡൽഹി | മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ വകുപ്പുകളുടെ വീതംവെപ്പ് കാര്യത്തിൽ അന്തിമ തീരുമാനമായില്ല. മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാന സഖ്യകക്ഷികളായ തെലുഗു ദേശം പാർട്ടി (ടി ഡി പി) യുമായും ജനതാദൾ സെക്കുലറു (ജെ ഡി യു) മായും ബി ജെ പി ചർച്ച തുടരുകയാണ്. റെയിൽവേക്കായി ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പിടിമുറുക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജെന്ന ആവശ്യം അംഗീകരിച്ചതോടെ ലോക്‌സഭാ സ്പീക്കർ സ്ഥാനത്തിനായുള്ള കടുംപിടിത്തം ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ക്യാബിനറ്റ് പദവികളുടെ എണ്ണത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് പാർട്ടികൾ വ്യക്തമാക്കുന്നത്. നാല് ക്യാബിനറ്റ് പദവികളാണ് നായിഡു ആവശ്യപ്പെട്ടത്. മൂന്ന് ക്യാബിനറ്റ് പദവികൾ നിതീഷ് കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രി സ്ഥാനവുമാണ് ശിവസേന ഷിൻഡെ വിഭാഗത്തിന്റെ ആവശ്യം. ഇതിന് പുറമെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ മന്ത്രിസ്ഥാനമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഏഴ് സീറ്റുകളാണ് ഷിൻഡെ വിഭാഗത്തിനുള്ളത്. മഹാരാഷ്ട്രയിൽ ബി ജെ പിയുടെയും എൻ സി പി അജിത് പവാർ വിഭാഗത്തിന്റെയും തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായത് മുതലെടുക്കാനാണ് ഷിൻഡെയുടെ ശ്രമം. സഖ്യത്തിൽ മേധാവിത്വം നേടിയാൽ നാല് മാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വിലപേശി വാങ്ങാമെന്നും ഷിൻഡെ കണക്കുകൂട്ടുന്നു. ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനും രാഷ്ട്രീയ ലോക്ദൾ (ആർ എൽ ഡി) നേതാവ് ജയന്ത് ചൗധരിയും ക്യാബിനറ്റ് പദവി ആവശ്യവുമായി രംഗത്തുണ്ട്.

മോദിക്കൊപ്പം നിൽക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി പഴയ പാർലിമെന്റിന്റെ സെൻട്രൽ ഹാളിൽ വിളിച്ചുചേർത്ത എൻ ഡി എ പാർലിമെന്ററി പാർട്ടി യോഗത്തിൽ ജെ ഡി യു, ടി ഡി പി ഉൾപ്പെടെയുള്ള പാർട്ടികൾ പ്രഖ്യാപിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം പിമാർ, രാജ്യസഭാംഗങ്ങൾ, വിവിധ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. രാജ്‌നാഥ് സിംഗ് നരേന്ദ്ര മോദിയെ എൻ ഡി എ കക്ഷിനേതാവായി ശിപാർശ ചെയ്തു. അമിത് ഷാ പിന്താങ്ങി. ഘടകകക്ഷി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു.
രാജ്യം ഭരിക്കാൻ സമവായം ആവശ്യമാണെന്ന് യോഗത്തിൽ സംസാരിക്കവെ മോദി പറഞ്ഞു. പരസ്പര വിശ്വാസമാണ് സഖ്യത്തിന്റെ കാതൽ. എല്ലാ വിഭാഗങ്ങളും തുല്യരാണെന്ന തത്ത്വത്തിൽ പ്രതിജ്ഞാബദ്ധരാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി കൂട്ടിച്ചേർത്തു. ആർ എൽ ഡി തലവൻ ജയന്ത് ചൗധരിക്ക് മറ്റ് സഖ്യകക്ഷി നേതാക്കളിൽ നിന്ന് വ്യത്യസ്തമായി വേദിയിൽ സീറ്റ് ലഭിക്കാത്തത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.

രാഷ്ട്രപതിയെ കണ്ടു
മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി നാളെ വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപവത്കരിക്കുന്നതിന് മോദിയെ രാഷ്ട്രപതി ദ്രൗപദി മുർമു ക്ഷണിച്ചു. എൻ ഡി എ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ മോദി കണ്ടിരുന്നു. ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡയുടെ നേതൃത്വത്തിൽ എൻ ഡി എ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് മോദിയെ പിന്തുണക്കുന്ന കത്ത് കൈമാറിയിരുന്നു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ബി ജെ പിയിലെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.

സുരേഷ് ഗോപിക്ക് പ്രശംസ
യോഗത്തിൽ സുരേഷ് ഗോപിയെ പ്രത്യേകം പരാമർശിച്ച് നരേന്ദ്ര മോദി. ദക്ഷിണ ഭാരതത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടെന്നും മോദി കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മോദിയോടൊപ്പം സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്‌തേക്കും. ക്യാബിനറ്റ് പദവിയിൽ വ്യക്തതയില്ല.

Latest