United Nations Climate Change Conference
കാലാവസ്ഥാ ഉച്ചകോടിയില്‍ റഷ്യക്കും ചൈനക്കും എതിരെ വിമര്‍ശനവുമായി ഒബാമ
നേരത്തെ ചൈനയുടേയും റഷ്യയുടേയും നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു
ഗ്ലസ്‌ഗോ | ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ ചൈനക്കും റഷ്യക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവ് വരുത്താനുള്ള ശ്രമങ്ങളില്‍ വേഗതയില്ലാത്തതിനെയാണ് ഒബാമ രൂക്ഷമായി വിമര്‍ശിച്ചത്.
നേരത്തെ ചൈനയുടേയും റഷ്യയുടേയും നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍ പുറന്തള്ളലിന് കാരണക്കാരാവുന്ന ചൈനയുടേയും റഷ്യയുടേയും നേതാക്കള്‍ ഉച്ചകോടിക്ക് പങ്കെടുക്കാന്‍ തയ്യാറാവാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പുറന്തള്ളല്‍ കുറച്ച് കൊണ്ടുവരുന്നതില്‍ ഈ രാജ്യങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാരീസ് എഗ്രിമെന്റില്‍ നിന്നും പിന്മാറിയതില്‍ ഉച്ചകോടിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയും ഒബാമ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
അതേസമയം പ്രകൃതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് അദ്ദേഹം യുവ സാമൂഹ്യ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.