Connect with us

Editors Pick

ഗസ്സയിൽ ലക്ഷ്യങ്ങൾ നേടാനായില്ല; ഇസ്റാഈൽ സമ്മര്‍ദ്ദത്തില്‍?

ഇസ്റാഈലിലെ ചാനൽ 13 ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇസ്റാഈൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി, ഹമാസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഗസ്സയിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാൻ ഒരു ഒത്തുതീര്‍പ്പിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളൂ എന്നുമുള്ള നിര്‍ദ്ദേശം മുമ്പോട്ട് വെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹമാസിന്‍റെ പ്രതിരോധത്തില്‍ ഇസ്റാഈലും സമ്മര്‍ദ്ദത്തിലാണെന്ന് വേണം അനുമാനിക്കാന്‍.

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്റാഈൽ ഗസ്സയില്‍ നടത്തിയ ആക്രമണം ആ പ്രദേശത്തെ ഏതാണ്ട് ‌പൂര്‍ണ്ണമായി നശിപ്പിക്കുകയും 37,400ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് കണക്ക്. ഫലസ്തീൻ ആരോഗ്യവകുപ്പ് അധികാരികളുടെ കണക്കനുസരിച്ച് ഫലസ്തീൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഭവനരഹിതരും നിരാലംബരുമായിട്ടുണ്ട്. അത്യന്തം ദുരിതമയമാണ് അവശേഷിക്കുന്ന ഗസ്സയിലെ മനുഷ്യരുടെ ജീവിതമെന്ന് മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇസ്റാഈലിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നാണ് പുതിയ ചില സംഭവങ്ങള്‍ നല്‍കുന്ന സൂചന.

ഹമാസിനെ പൂര്‍ണ്ണമായി തുടച്ചുനീക്കുക, ഇസ്റാഈലി ബന്ദികളെ മോചിപ്പിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഇസ്റാഈൽ സേനയ്ക്ക് ഇതുവരെ നേടിയെടുക്കാനായിട്ടില്ല. ബുധനാഴ്ച ഇസ്റാഈലിലെ ചാനൽ 13 ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇസ്റാഈൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി, ഹമാസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഗസ്സയിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാൻ ഒരു ഒത്തുതീര്‍പ്പിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളൂ എന്നുമുള്ള നിര്‍ദ്ദേശം മുമ്പോട്ട് വെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹമാസിന്‍റെ പ്രതിരോധത്തില്‍ ഇസ്റാഈലും സമ്മര്‍ദ്ദത്തിലാണെന്ന് വേണം അനുമാനിക്കാന്‍. ഈ ഫലസ്തീൻ വിമോചന ഗ്രൂപ്പിനെ ഉന്മൂലനം ചെയ്യാൻ കഴിയില്ലെന്ന് ഒരു ഇസ്റാഈൽ ഉദ്യോഗസ്ഥൻ പറയുന്നത് ഇതാദ്യമായാണെന്നതുകൊണ്ടാണ് ഇങ്ങനെയൊരു സംശയം മാധ്യമലോകം ഉന്നയിക്കുന്നത്. ഒരു ഭാഗത്ത് ഗസ്സയിൽ വെടിനിർത്തൽ ഏർപ്പെടുത്താനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊപ്പം ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള ഇസ്റാഈലിന്റെ ശ്രമങ്ങളും പരാജയപ്പെടുകയാണെന്ന് ഈ പ്രസ്താവന തെളിയിക്കുന്നു.

ഇതിനിടെ, ഇസ്റാഈൽ സൈന്യം യുദ്ധ നിയമങ്ങളിലെ അടിസ്ഥാന തത്വങ്ങൾ ആവർത്തിച്ച് ലംഘിച്ചിരിക്കുകയാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് ബുധനാഴ്ച പ്രസ്താവിച്ചു. ഇസ്റാഈൽ ഹമാസ് സംഘർഷത്തിനിടെ സൈന്യം ഉപരോധിച്ച എൻക്ലേവിലെ സിവിലിയൻമാരെയും പോരാളികളെയും തമ്മിൽ വേർതിരിച്ചറിയുന്നതില്‍ ഇസ്റാഈൽ പരാജയപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ ഓഫീസ് കുറ്റപ്പെടുത്തി.

ആറ് ഇസ്റാഈലി ആക്രമണങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ടിൽ, സൈനികനീക്കം ഗസ്സയിൽ വളരെയധികം നാശനഷ്ടങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചക്കും കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. വസ്തുതാപരമായും നിയമപരമായും രീതിശാസ്ത്രപരമായും യുദ്ധനിയമങ്ങള്‍ ലംഘിച്ചുവെന്നും ജനീവ കരാറിലെ സാമാന്യതത്വങ്ങള്‍ പോലും ഇസ്റാഈൽ പാലിച്ചില്ലെന്നുമാണ് മനുഷ്യാവകാശ വിഭാഗത്തിന്‍റെ കണ്ടെത്തല്‍.

ഇസ്റാഈൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് ഹിസ്ബുള്ളയ്‌ക്കെതിരേ ഒരു ഭീഷണി ഉയർത്തിയിട്ടുണ്ട്. ഞങ്ങൾ കര, വ്യോമ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്, രഹസ്യാന്വേഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഏത് തരം സാധ്യതയ്ക്കും തയ്യാറെടുക്കുകയും ചെയ്യുകയാണെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. സൈനിക മേധാവി ഹെർസി ഹലേവിയുമായും സഫേദ് നഗരത്തിലെ നോർത്തേൺ കമാൻഡ് ആസ്ഥാനത്തെ മുതിർന്ന കമാൻഡർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഗാലൻ്റ് മാധ്യമങ്ങളോട് പറഞ്ഞതാണിത് .

ചൊവ്വാഴ്ച, ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണത്തിനുള്ള “പ്രവർത്തന പദ്ധതികൾ” അംഗീകരിച്ചതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഇതിന് മറുപടിയായി, ഇസ്രായേൽ യുദ്ധം ആരംഭിച്ചാൽ പരിമിതികളില്ലാതെ പോരാടുമെന്ന് പ്രതിജ്ഞയെടുത്തതായി നേതാവ് ഹസൻ നസ്‌റല്ല ബുധനാഴ്ച വ്യക്തമാക്കി. എന്തായാലും‌ ഹിസ്ബുള്ള കമാന്‍റര്‍മാരും ഇസ്റാഈൽ സൈന്യവും തമ്മില്‍ അതിർത്തി കടന്നുള്ള വെടിവയ്പ്പും കൂടുതൽ തീവ്രമായിട്ടിട്ടുണ്ട്. ഇതേനില തുടരുകയാണെങ്കില്‍ ഗസ്സയെപോലെ ഇസ്റാഈലും വന്‍ തകര്‍ച്ചയെ നേരിടുമെന്നും പേര് വെളിപ്പെടുത്താത്ത ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

Latest