cyber lynching
കെ കെ ശൈലജക്കെതിരായ അശ്ലീല പ്രചാരണം; നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസിക്കെതിരെ കേസ്
കെ എം മിന്‍ഹാജിനെ പ്രതിയാക്കി മട്ടന്നൂര്‍ പോലീസ് ആണ് കേസ് എടുത്തത്

കോഴിക്കോട് | വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജക്കെതിരെ അശ്ലീല പോസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചതിന് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് പ്രാവാസിക്കെതിരെ കേസ്.
നടുവണ്ണൂര്‍ സ്വദേശിയായ കെ എം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പോലീസ് കേസ് എടുത്തത്. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമര്‍ശം. ഇയാള്‍ക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. സ്ഥാനാര്‍ഥി കെ കെ ശൈലജ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ യു ഡി എഫ് അനുഭാവിയാണെന്നു പോസ്റ്റുകളില്‍ നിന്നു വ്യക്തമാണ്.
കെ കെ ശൈലജക്കെതിരായി യു ഡി എഫ് കേന്ദ്രങ്ങള്‍ നടത്തിയ സൈബര്‍ ആക്രമണം വടകരയില്‍ വലിയ ചര്‍ച്ചയായിരുന്നു. സൈബര്‍ ആക്രമണത്തിനെതിരെ തങ്ങളും പരാതി നല്‍കിയിട്ടുണ്ടെന്നും എല്ലാ പരാതികളിലും നടപടി സ്വീകരണമമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കെ കെ ശൈലജക്കെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ രീതിയില്‍ നിന്ദ്യവും നികൃഷ്ടവുമായ പ്രചാരണം നടത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് യു ഡി എഫ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനനും പ്രതികരിച്ചു.