Kerala
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി;പോലീസുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട അഭിഭാഷകനെതിരെ കേസ്
അഭിഭാഷകനായ ആഖ്വിബ് സുഹൈലിനെതിരെയാണ് പോലീസ് കേസെടുത്തത്.
പാലക്കാട്| ആലത്തൂരില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി അഭിഭാഷകനെതിരെ കേസെടുത്തു. അഭിഭാഷകനായ ആഖ്വിബ് സുഹൈലിനെതിരെയാണ് പോലീസ് കേസെടുത്തത്. കസ്റ്റഡിയിലുള്ള വാഹനം വിട്ടുതരാന്‍ ആവശ്യപ്പെട്ട് കോടതി ഉത്തരവുമായി എത്തിയ ആഖ്വിബും എസ്ഐയും തമ്മില്‍ ഇന്നലെയാണ് വാക്കുതര്‍ക്കമുണ്ടായത്.
ഒരു മാസം മുമ്പ് ആലത്തൂര്‍ ഭാഗത്ത് വച്ചുണ്ടായ ബസപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഈ ബസ് വിട്ടുകിട്ടാന്‍ കോടതി ഉത്തരവുമായി അഖ്വിബ് സ്റ്റേഷനിലെത്തിയതായിരുന്നു. തുടര്‍ന്ന് പോലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നാലെ അഭിഭാഷകനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ചിറ്റൂര്‍ കോടതി പരിസരത്ത് വെച്ചും അഭിഭാഷകന്‍ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് വൈരാഗ്യം തീര്‍ത്തതാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധവുമായി അഭിഭാഷകന്റെ സംഘടനയും രംഗത്തെത്തി.