Kerala
നേടിയത് മൂന്ന് രാജ്യങ്ങളുടെ പൈലറ്റ് ലൈസന്‍സ്; പത്തൊന്‍പതാം വയസ്സില്‍ ബിന്‍സി പറന്നുയര്‍ന്നത് സ്വപ്‌നങ്ങളുടെ ആകാശത്ത്
മൂന്ന് രാജ്യങ്ങളില്‍ നിന്നും വിമാനം പറത്താനുള്ള ലൈസന്‍സ് നേടിയാണ് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നം ബിന്‍സി യാഥാര്‍ത്ഥ്യമാക്കിയത്
ചവറ | തേവലക്കര അരിനല്ലൂര്‍ സ്വദേശിനി ബിന്‍സി ജോണ്‍സണ്‍ (21) സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിറവിലാണ്. മൂന്ന് രാജ്യങ്ങളില്‍ നിന്നും വിമാനം പറത്താനുള്ള ലൈസന്‍സ് നേടിയാണ് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നം ബിന്‍സി യാഥാര്‍ത്ഥ്യമാക്കിയത്. പത്തൊന്‍പതാം വയസ്സിലാണ് ആദ്യ വിമാനം പറത്തിയതും ന്യൂസിലന്‍ഡില്‍ നിന്നും കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടുകയും ചെയ്തത്. പിന്നീട് ഓസ്‌ട്രേലിയന്‍ പൈലറ്റ് ലൈസന്‍സും ശേഷം ഇന്ത്യന്‍ പൈലറ്റ് ലൈസന്‍സും കൂടി നേടിയെടുത്തു. ഏതെങ്കിലും എയര്‍ലൈനിന്റെ ഭാഗമായി സേവനം ചെയ്യണമെന്നാണ് ആഗ്രഹം.
മൂന്നാം ക്ലാസ് മുതല്‍ സഊദിയിലായിരുന്നു പഠനം നടത്തിയത്. പത്ത് വര്‍ഷത്തോളം നടത്തിയ വിമാന യാത്രകള്‍ കുട്ടിക്കാലത്ത് തന്നെ ആകാശത്തോളം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചെന്നും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നതായും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആദ്യ ടേക്ക്ഓഫ് ആയിരുന്നെന്നും ബിന്‍സി പറയുന്നു.
തേവലക്കര അരിനല്ലൂര്‍ ഗ്രാഫ് വില്ലയില്‍ ജെയിം ജോണ്‍സണ്‍, ശോഭ ദമ്പതികളുടെ ഏക മകളാണ്. പ്ലസ്ടു കഴിഞ്ഞതോടെയാണ് തന്റെ ആഗ്രഹം മാതാപിതാക്കളോട് തുറന്നുപറയുന്നത്. മകളെ ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കള്‍ സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ മകളുടെ ആഗ്രഹമറിഞ്ഞതോടെ അവരും പൂര്‍ണ പിന്തുണ നല്‍കി. ന്യൂസിലന്‍ഡിലെ എയര്‍ ഹാവ്‌കെസ് ബേയിലായിരുന്നു പഠനവും പരിശീലനവും നടത്തിയത്. നാട്ടില്‍ നിന്നും ഒരാള്‍ ആദ്യമായി പൈലറ്റായതിന്റെ സന്തോഷത്തിലാണ് അരിനല്ലൂര്‍ നിവാസികളും. ബ്രിട്ടോ ജോണ്‍സണ്‍ സഹോദരനാണ്.