Connect with us

International

അധിനിവേശ ആക്രമണം തുടരുന്നു;ഗസ്സയിൽ 33 മരണം

ജബലിയ അഭയാർഥി ക്യാമ്പിലെ യു എൻ ആർ ഡബ്ല്യു എ സ്‌കൂൾ ഷെൽട്ടറിന് മുന്നിൽ ബ്രെഡ് വിൽപ്പനക്കാരന്റെ സ്റ്റാൻഡിന് മുന്നിൽ വരിനിൽക്കുകയായിരുന്ന എട്ട് പേർ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ | ഇസ്റാഈൽ സൈന്യം ഗസ്സയിൽ ഇന്നലെ കൊന്നൊടുക്കിയത് 33 ഫലസ്തീനികളെ. തെക്കൻ നഗരമായ റഫയിൽ നാല് സ്ത്രീകളും വടക്കൻ നഗരമായ ഗസ്സ സിറ്റിയിൽ എട്ട് പേരും കൊല്ലപ്പെട്ടുവെന്ന് ഫലസ്തീൻ സിവിൽ എമർജൻസി സർവീസ് അറിയിച്ചു.
ജബലിയ അഭയാർഥി ക്യാമ്പിലെ യു എൻ ആർ ഡബ്ല്യു എ സ്‌കൂൾ ഷെൽട്ടറിന് മുന്നിൽ ബ്രെഡ് വിൽപ്പനക്കാരന്റെ സ്റ്റാൻഡിന് മുന്നിൽ വരിനിൽക്കുകയായിരുന്ന എട്ട് പേർ ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്ക് സമീപത്തെ കമാൻഡ് സെന്ററിനു നേരെ നടത്തിയ ആക്രമണത്തിൽ ഉന്നത ഹമാസ് കമാൻഡർ ഉൾപ്പെടെ എട്ട് പേരെ വധിച്ചതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു.

ഒക്‌ടോബർ ഏഴിന് ഇസ്റാഈലിനു നേരെയുണ്ടായ ആക്രമണത്തിൽ പങ്കെടുത്തയാളാണ് കൊല്ലപ്പെട്ട ഹമാസ് കമാൻഡറെന്നും സൈന്യം ആരോപിച്ചു. വടക്കൻ ഗസ്സയിലെ ബൈത്ത് ലഹിയ മേഖലയിൽ ഒരു കിലോമീറ്റർ തുരങ്കപാത തകർത്തെന്നും ഇസ്റാഈൽ അവകാശപ്പെട്ടു. എന്നാൽ, ഹമാസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ദാർ അൽ ബലാഹിലെ അൽ അഖ്സ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരുക്കേറ്റു.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്റാഈൽ ആക്രമണം തുടരുകയാണ്. ജെനിനിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഒരാഴ്ചക്കിടെ വെസ്റ്റ് ബാങ്കിൽ 30 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ആറ് കുട്ടികളും ഉൾപ്പെടും. ഗസ്സയിൽ ഇതുവരെ 40,819 പേർ കൊല്ലപ്പെടുകയും 94,291 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Latest