National
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കുറ്റകരമായ പ്രസ്താവനകള്‍ നീക്കം ചെയ്യണം; ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായക്ക് സുപ്രീം കോടതിയുടെ ശാസന
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ കുറ്റകരമായ പ്രസ്താവനകള്‍ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി| ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായക്ക് സുപ്രീം കോടതിയുടെ ശാസന. മതപരിവര്‍ത്തനത്തിനെതിരെ സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും വിവിധ ബെഞ്ചുകള്‍ക്ക് മുമ്പാകെ വ്യത്യസ്ത ഹരജികള്‍ ഇടക്കിടെ ഫയല്‍ ചെയ്യുന്നതിനാണ് കോടതിയുടെ ശാസന. ഹരജിയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ കുറ്റകരമായ പ്രസ്താവനകള്‍ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് 2022-ല്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇടപെടല്‍.
ഉപാധ്യായ വിവിധ കോടതിയില്‍ നല്‍കിയ ഹരജികളെക്കുറിച്ച് തമിഴ്നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി. വില്‍സണ്‍ ആണ് കോടതിയെ ബോധിപ്പിച്ചത്. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഇത് പരിഗണിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2021 ല്‍ ഹരജിക്കാരന്‍ സമാനമായ ഹര്‍ജി സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലും സമാനമായ ഹര്‍ജികള്‍ അദ്ദേഹം ഫയല്‍ ചെയ്യുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്-അഡ്വ. പി. വില്‍സണ്‍ ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ ഹരജി നല്‍കിയ കക്ഷികളോട്, സമാന ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതു ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും സുപ്രീം കോടതി നിര്‍ദേശിച്ചു. അലഹബാദ് ഹൈക്കോടതിയില്‍ അഞ്ച്, മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഏഴ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ട് വീതം, ഹിമാചല്‍ പ്രദേശ് ഹൈകോടതിയില്‍ മൂന്ന്, കര്‍ണാടക, ഉത്തരാഖണ്ഡ് ഹൈക്കോടതികളില്‍ ഒന്നുവീതം ഹര്‍ജികളാണ് നിലവിലുള്ളത്.
ഉപാധ്യായ നല്‍കിയ ഹരജിയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടത്തിയ മോശം പ്രസ്താവനകള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഉപാധ്യായയുടെ ഹരജിയില്‍ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ബലാത്സംഗക്കാരും കൊലപാതകികളുമാ യാണ് പരാമര്‍ശിക്കുന്നത്. അത്തരം ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത് ഭയാനകമായ സന്ദേശമാണ് നല്‍കുന്നതെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ഉപാധ്യായയ്ക്ക് വേണ്ടി ഹാജരായ മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാറിനോട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.