Connect with us

chief minister

ഉദ്യോഗസ്ഥ തല ചര്‍ച്ച; മുഖ്യമന്ത്രി നടത്തുന്ന മേഖല യോഗങ്ങള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം

Published

|

Last Updated

തിരുവനന്തപുരം | ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി നടത്തുന്ന മേഖല യോഗങ്ങള്‍ നാളെ ആരംഭിക്കും. നാളെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം. വ്യാഴാഴ്ച തൃശൂര്‍ മേഖല യോഗം ചേരും. മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖല യോഗങ്ങള്‍ നടക്കും. രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കലക്ടര്‍മാരും പങ്കെടുക്കുന്ന യോഗം നടക്കും.

തിരുവനന്തപുരത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
28ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടക്കും. ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ എറണാകുളം ബോള്‍ഗാട്ടി പാലസിലായിരിക്കും. ഒക്ടോബര്‍ അഞ്ചിന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും. 9.30 മുതല്‍ 1.30 പ്രധാന പദ്ധതികളുടെ അവലോകനമായിരിക്കും നടക്കകുക. 3.30 മുതല്‍ 5.30 വരെ ക്രമസമാധന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

മേഖലാതല അവലോകന യോഗങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന പരിപാടി നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കും.

വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും.