Kerala
വിവരം നല്‍കുമ്പോള്‍ പേര് അറിയിക്കാത്ത ഓഫീസര്‍മാര്‍ ശിക്ഷാര്‍ഹര്‍: വിവരാവകാശ കമ്മീഷണര്‍
കമ്മീഷന്‍ തെളിവെടുപ്പില്‍ 16 പരാതികള്‍ പരിഹരിച്ചു
തിരുവനന്തപുരം | വിവരം നല്‍കുമ്പോള്‍ പേര് അറിയിക്കാത്ത ഓഫീസര്‍മാര്‍ ശിക്ഷാര്‍ഹരെന്ന് വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം. ചൊവ്വാഴ്ച കോഴിക്കോട് ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ അപേക്ഷകരെ ഒന്നാം അപ്പീല്‍ അധികാരി ഹിയറിംഗിന് വിളിക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ കീഴ്ജീവനക്കാരെ വിളിച്ചുവരുത്തി വിവരം ലഭ്യമാക്കാൻ നടപടിയെടുക്കാം.
വിവരാവകാശ ഓഫീസര്‍ തനിക്ക് ലഭിച്ച അപേക്ഷകളില്‍ അവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കില്‍ അഞ്ചു ദിവസത്തിനകം അവിടേക്ക് അയച്ചുകൊടുക്കണം. ഇത്തരം അപേക്ഷകള്‍ക്ക് അപേക്ഷാ ഫീസ് ഇല്ലാതെ വിവരങ്ങള്‍ രണ്ടാം ഓഫീസിൽ നിന്ന് ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷ രണ്ടാമത്തെ ഓഫീസിലേക്ക് അയച്ചു നല്‍കാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസര്‍മാരെ ചട്ടപ്രകാരം ശിക്ഷിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായും കമ്മീഷണര്‍ പറഞ്ഞു.
വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടായി എന്നുള്ള നാല് കേസുകളില്‍ കമ്മീഷന്‍ തല്‍ക്ഷണം വിവരങ്ങള്‍ ലഭ്യമാക്കി. അപേക്ഷകന് കാലാവധി കഴിഞ്ഞ് വിവരം നല്‍കിയ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനെതിരെ സെക്ഷന്‍ 20(1) പ്രകാരം ശിക്ഷാ നടപടി എടുക്കാന്‍ തീരുമാനിച്ചു.
വണ്ടിപ്പേട്ട ഹൗസിങ് ബോര്‍ഡ് കോളനിയിലെ താമസക്കാരി ഭാനുമതിയെ അനധികൃതമായി ഒഴിപ്പിച്ച് ഭവനം മറ്റൊരാള്‍ക്ക് അനുവദിച്ചു നല്‍കി എന്ന പരാതിയിന്മേല്‍ ഉന്നതതല അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടു. പുതുപ്പാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ഒരാഴ്ചക്കകം മറുപടി ലഭ്യമാക്കാമെന്ന് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ കമ്മിഷന് എഴുതി നല്‍കി. കുത്താട്ടുകുളം നഗരസഭയിലെ വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കാതിരുന്ന ഇപ്പോഴത്തെ എല്‍.എസ്.ജി.ഡി കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ ഹര്‍ജിക്കാരന് വിവരം നല്‍കാന്‍ താല്‍പര്യം എടുത്തില്ലഎന്നും പകരം വിവരംലഭ്യമല്ല എന്നുമുള്ള മറുപടി എന്ന് കമ്മീഷന്‍ വിലയിരുത്തി. ഇയാള്‍ക്കെതിരെ ശിക്ഷാ നടപടി എടുക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് മുനഓഫീസില്‍ ലഭിച്ച വിവരാവകാശ അപേക്ഷക്ക് 14 ദിവസത്തിനകം മറുപടി നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വടകര പോലീസ് സ്റ്റേഷനില്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എഫ്.ഐ.ആര്‍ കോപ്പി നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വടകര ആര്‍.ഡി.ഒ ഓഫീസിലെ വിവരാവകാശ നിയമം പ്രകാരം ലഭിച്ച അപേക്ഷയില്‍ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഫയല്‍ ആര്‍.ഡി.ഒക്ക് മടക്കി.