National
ഹത്രാസില്‍ 121 പേര്‍ മരിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍; ഭോലെ ബാബ ഒളിവില്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. 121 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
മരിച്ച 121 പേരില്‍ 89 പേര്‍ ഹഥ്‌റസ് സ്വദേശികളാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം.
ഹത്രാസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി.
പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.