Connect with us

Kerala

ഉദ്യോഗസ്ഥര്‍ അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ ചെയ്യണം: മുഖ്യമന്ത്രി

ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാന്‍ നാട്ടിലെ ജനങ്ങള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഉദ്യോഗസ്ഥര്‍ അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുതലും കൈത്താങ്ങും എന്ന ശീർഷകത്തിൽ മന്ത്രിമാരുടെ താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫയലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഭരണത്തിന്റെ സ്വാദ് ശരിയായ തോതില്‍ അനുഭവിക്കാന്‍ നാട്ടിലെ ജനങ്ങള്‍ക്ക് കഴിയണം. ജനങ്ങള്‍ എന്ന് പറയുമ്പോള്‍ പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരും പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകളെയുമാണ് പ്രത്യേക കരുതലോടെ കാണുന്നത്. സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ളവര്‍ക്കും സമ്പന്നര്‍ക്കും മറ്റ് തരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുടേതായ മാര്‍ഗങ്ങളിലൂടെ സാധിക്കും. എന്നാല്‍ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും സ്ഥിതി അതല്ല. അതുകൊണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോള്‍ ഓരോ ഫയലിന് പിന്നിലും ഓരോ ജീവിതമുണ്ടെന്ന് കണക്കാക്കണമെന്ന് പറഞ്ഞത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുമായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഭവ്യതയോടെ നില്‍ക്കേണ്ടി വരുന്ന ഗതികേടും ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇത് മാറേണ്ടതിനാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ സംവിധാനത്തില്‍ മറ്റെവിടെയും നടപ്പിലാക്കിയിട്ടില്ലാത്ത നടപടിക്രമം നമ്മള്‍ സ്വീകരിച്ചു. ഓരോ വര്‍ഷവും നല്‍കിയ വാഗ്ദാനങ്ങളില്‍ എത്രത്തോളം പൂര്‍ത്തിയാക്കിയെന്ന് ജനങ്ങളോട് അവതരിപ്പിച്ചു. ഇത് നല്ല നിലയില്‍ ജനങ്ങള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ അവര്‍ അറിഞ്ഞു പോയാല്‍ ഇത് നടപ്പാക്കിയ സര്‍ക്കാറിന് ഗുണകരമായി പോകുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ട്. ആളുകളുടെ മനസ്സില്‍ നിഷേധാത്മ ചിന്ത വളര്‍ത്തുന്നതിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. പക്ഷേ ജനങ്ങളില്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തലും വിധിയെഴുത്തും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest