Connect with us

cover story

യാ ഇലാഹി...

മലയാള കഥയെ ലോക വിതാനത്തിലേക്കുയർത്തിയതോടൊപ്പം ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യാകരണങ്ങളെ തിരുത്തിക്കുറിച്ച വലിയ എഴുത്തുകാരൻ കൂടിയായിരുന്നു ബഷീർ. സൂഫിയും ഇതിഹാസകാരനും ആചാര്യനും ഗുരുവും മാന്ത്രികനും കണക്കെഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയും ന്യൂസ് പേപ്പർ ബോയിയും അടുക്കളപ്പണിക്കാരനും എല്ലാമായി വിശേഷിക്കപ്പെട്ട ബഷീർ മുപ്പത് വർഷങ്ങൾക്കിപ്പുറവും അമരനായി വായനക്കാരുടെ ഹൃദയത്തിൽ ജീവിക്കുന്നു എന്നത് മറ്റൊരെഴുത്തുകാരനും കിട്ടാത്ത ബഹുമതിയാണ്.

Published

|

Last Updated

“…തീർച്ചയായും എനിക്ക് കരുണാമയനായ ദൈവത്തിൽ വിശ്വാസമുണ്ട്. ഞാൻ പ്രാർത്ഥിക്കാറുമുണ്ട്. വെള്ളം കിട്ടാതെ ഉണങ്ങാൻ പോകുന്ന ഒരു ചെടിക്ക് ലേശം വെള്ളം ഒഴിക്കുന്നതും വഴിയിൽ കിടക്കുന്ന മുള്ളെടുത്തു മാറ്റിക്കളയുന്നതും നന്മ. ഇതാകുന്നു പ്രാർത്ഥന. അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം.’
– വൈക്കം മുഹമ്മദ് ബഷീർ

കഥകളുടെ രാജശിൽപ്പിയായ വൈക്കം മുഹമ്മദ് ബഷീർ യാത്ര പോയിട്ട് മുപ്പത് വർഷം. ജൂലൈയിലെ മഴ പോലെ ഓർമകളുടെ നീണ്ട പെയ്ത്ത്. 1994 ജൂലൈ അഞ്ചിനായിരുന്നല്ലോ നമുക്ക് അഭിമാനമായിരുന്ന ആ മഹാപ്രതിഭ കഥാവശേഷനാകുന്നത്.കഥ പറഞ്ഞു പറഞ്ഞ് മലയാള സാഹിത്യത്തെ വിശ്വത്തോളം നയിച്ച കഥാകാരന്റെ 30-ാം ചരമവാർഷികം. മലയാള കഥയെ ലോക വിതാനത്തിലേക്കുയർത്തിയതോടൊപ്പം ഭാഷയുടെയും സാഹിത്യത്തിന്റെയും വ്യാകരണങ്ങളെ തിരുത്തിക്കുറിച്ച വലിയ എഴുത്തുകാരൻ കൂടിയായിരുന്നു ബഷീർ. സൂഫിയും ഇതിഹാസകാരനും ആചാര്യനും ഗുരുവും മാന്ത്രികനും കണക്കെഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയും ന്യൂസ് പേപ്പർ ബോയിയും അടുക്കളപ്പണിക്കാരനും എല്ലാമായി വിശേഷിക്കപ്പെട്ട ബഷീർ 30 വർഷങ്ങൾക്കിപ്പുറവും അമരനായി വായനക്കാരുടെ ഹൃദയത്തിൽ ജീവിക്കുന്നു എന്നത് മറ്റൊരെഴുത്തുകാരനും കിട്ടാത്ത ബഹുമതിയാണ്.

ബഷീറിന് എത്ര വയസ്സുണ്ടെന്ന് ഒരിഷ്ടക്കാരന്റെ ചോദ്യത്തിന്, എന്റെ വയസ്സ് എത്രയാണെന്ന് ഓർമയില്ല. അതറിയാവുന്ന മാതാപിതാക്കൾ മരിച്ചു പോയി. പിതാവ് എന്റെ ജാതകം എഴുതിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അനുജന്മാരിൽ ഒരാൾ അത് കത്തിച്ചു കളഞ്ഞതായി ഉമ്മ പറഞ്ഞിട്ടുണ്ട്. വൈക്കത്തെ എന്റെ വീടിനടുത്ത് താമസിക്കുന്ന ജാക്കോബിറ്റു കുടുംബത്തിലെ മാത്തൻ കുഞ്ഞിനെയും എന്നെയും പ്രസവിച്ചത് ഒരു ദിവസം ഇടവിട്ടാണെന്ന് ഉമ്മ പറഞ്ഞ ഓർമയുണ്ട്. മാത്തൻ കുഞ്ഞിന്റെ ജനനത്തീയതി ഈയിടെ കിട്ടി. 1083 മകരം 7. അതായത് 20.1.1908 തിങ്കളാഴ്ച. എന്റേത് ഒരു ദിവസം അപ്രത്തോ ഇപ്രത്തോ ആയിരിക്കും.’

“ജന്മദിനം’ എന്ന പ്രസിദ്ധമായ കഥ ബഷീർ ആരംഭിക്കുന്നത് മകരം എട്ടിന് എന്നു പറഞ്ഞു കൊണ്ടാണല്ലോ. അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന്റെ ജന്മദിനം 1908 ജനുവരി 21 ആണ്.
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ 1908 ൽ ജനിച്ച കൊച്ചുമുഹമ്മദാണ് വൈക്കം മുഹമ്മദ് ബഷീറായത്. കായി അബ്ദുർറഹ്മാൻ സാഹിബിന്റെയും കുഞ്ഞാച്ചുമ്മയുടേയും മൂത്ത മകൻ. 1958ൽ വിവാഹം കഴിഞ്ഞ് 1962 ൽ ബഷീർ താമസം ബേപ്പൂരിലെ “വൈലാലിൽ’ വീട്ടിലേക്ക് മാറ്റി. അങ്ങനെ അദ്ദേഹം ബേപ്പൂരിന്റെ സുൽത്താനുമായി.

ബഷീർ വലിയ തമാശക്കാരൻ കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞ തമാശകൾ നിരവധിയാണ്./ ജനിച്ചു വീണപ്പോൾ ഞാൻ കരഞ്ഞില്ല. ഈ സ്‌റ്റൈലൻ പ്രപഞ്ചം കണ്ട് ഞാനങ്ങ് തരിച്ചിരുന്നു പോയി./ ഒരിക്കൽ ഒരു കുറുക്കൻ മുന്നിൽ വന്നു കൂവി. ഓഹോ… ഇവനെന്നെ കളിയാക്കുകയാണ്. ഞാൻ പിന്നെയൊന്നും ആലോചിച്ചില്ല. താമ്രപത്രമെടുത്ത് ഒരൊറ്റയേറ്!… കഥകൾ ഇങ്ങനെ പലതാണെങ്കിലും ഏറ്റവും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെയാണ്. ജൂലൈയിലെ നല്ല മഴയുള്ള ഒരു പകൽ കോഴിക്കോട്ടെ ഒരു ഹോട്ടലിൽ ബഷീറും രണ്ട് സുഹൃത്തുക്കളും ചായ കുടിക്കാൻ കയറി. തന്റെ കാലൻ കുട അവിടെ ഒരു മൂലക്ക് വെച്ച് ചായ ആസ്വദിച്ചു കുടിക്കുന്നതിനിടെ ഒരപരിചിതൻ കാലൻ കുടയുമെടുത്ത് പുറത്തേക്ക് പോവുന്നത് കണ്ട് ബഷീർ ചാടിയെഴുന്നേറ്റ് അപരിചിതന്റെ മുന്നിലെത്തി ചോദിച്ചു: വൈക്കം മുഹമ്മദ് ബഷീറാണോ?
“അയ്യോ അല്ലല്ലോ.’
“എന്നാൽ സഹോദരാ.. ഈ കുടയുണ്ടല്ലോ. ഇത് വൈക്കം മുഹമ്മദ് ബഷീറിന്റെയാണ്. അയാൾ ഞാനാണ്. ‘
ബഷീറിന്റെ ഏതു കൃതിയെടുത്തു വായിച്ചാലും രസകരവും ലളിതവുമായ ഭാഷയിൽ, ഈയൊരു തമാശ കാണാനാവും. എന്നാൽ സങ്കീർണമായ ലോകതത്വം അവതരിപ്പിക്കുന്ന രചനകൾ കൂടിയാണത്.

ബഷീറിന്റെ ഏതു രചനകൾ പരിശോധിച്ചാലും തമാശകൾ പോലെ തന്നെ രസികൻ പദപ്രയോഗങ്ങളും കാണാം. ഭങ്ക റോസ്, ഡുങ്കുടു, ചപ്ലാച്ചി, കുൾട്ടാപ്പൻ, ഗഡാഗഡിയൻ, കള്ള ബഡുക്കൂസ്, പളുങ്കൂസ്, അണ്ഡകടാഹം, മങ്കി ബ്രാന്റ്, ബടുക്ക്, ലൊടുക്കൂസ് എന്നിവയെല്ലാം മലയാളികൾ നിത്യജീവിതത്തിൽ പ്രയോഗിക്കുന്ന പദങ്ങളായും മാറിയിട്ടുണ്ട്.
ഒന്നും ഒന്നും എത്രയാണെന്ന് ബാല്യകാല സഖിയിലെ മജീദിനോട് ഗുരുനാഥൻ ചോദിക്കുന്നുണ്ട്. അതിന് സാഭിമാനം മജീദ് പ്രസ്താവിക്കുന്നത് ഇമ്മിണി വല്യ ഒന്ന് എന്നാണ്.

ഗുരുനാഥനും ക്ലാസ്സ് മുറിയാകെയും പൊട്ടിച്ചിരിച്ചു. കണക്കു ശാസ്ത്രത്തിൽ പുതിയൊരു തത്വം കണ്ടു പിടിച്ചതിന് മജീദിന് അന്ന് ബെഞ്ചിൽ കയറി നിൽക്കേണ്ടി വന്നെങ്കിലും അവൻ പറഞ്ഞതിൽ വലിയൊരു ലോക തത്വമുണ്ട്. കൂടിച്ചേരുമ്പോൾ രണ്ടാവുകയല്ല ഒന്നായിത്തീരുകയാണ് വേണ്ടതെന്ന സ്‌നേഹത്തിന്റെ വലിയ സത്യം. കേൾക്കുന്നവർക്ക് തമാശയായി തോന്നാവുന്ന വിധത്തിൽ ഇങ്ങനെ മനുഷ്യസ്‌നേഹത്തിന്റെ മഹാ തത്വങ്ങളെ കുറിച്ച് എഴുതിയ പ്രതിഭാശാലിയാണ് വൈക്കം മുഹമ്മദ് ബഷീർ.

ബാല്യകാലസഖിയിലെ മജീദിന്റെയും സുഹ്റായുടെയും എന്തെന്തു രസകരവും ചിന്തോദ്ദീപകവുമായ അനുഭവങ്ങളാണ് നോവലിൽ ആവിഷ്‌കരിക്കുന്നതെന്നു നോക്കൂ. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേട് എന്ന് ബാല്യകാല സഖിയെ എം പി പോൾ വിശേഷിപ്പിച്ചത് അന്നും ഇന്നും വെറുതെയായില്ല.

ബഷീറിന്റെ ഇതിഹാസ കൃതി എന്ന് വായനക്കാർ വിശേഷിപ്പിച്ച ബാല്യകാല സഖി 1944 മെയ് 13നാണ് പുറത്തുവന്നത്. 36ൽ ദേശസഞ്ചാര കാലത്ത് ബഷീർ ഇംഗ്ലീഷിൽ എഴുതിത്തുടങ്ങിയ നോവലാണിത്. അന്ന് മുഴുമിപ്പിക്കാൻ കഴിയാതിരുന്ന നോവൽ പിന്നീടദ്ദേഹം മലയാളത്തിലാക്കുകയായിരുന്നു. നോവലിലെ സംഭാഷണങ്ങൾ ഒരു പ്രൂഫ് റീഡർ തിരുത്തി നല്ല മലയാളത്തിലാക്കിയതിൽ പ്രതിഷേധിച്ച് ബഷീർ അത് തീയിലെറിഞ്ഞ് നശിപ്പിക്കുകയുണ്ടായി. ഭാഷാ ലാളിത്യത്തിൽ അത്ര മാത്രം ബഷീർ വിശ്വസിച്ചിരുന്നു.

ബാല്യകാല സഖിക്ക് 80 വയസ്സ്

നാം ആസ്വദിക്കുകയും ഹൃദയത്തോട് ചേർക്കുകയും ചെയ്ത വിശ്വവിഖ്യാതമായ “സഖി ‘ യെ കുറിച്ച്, നോവലിന്റെ ഉത്ഭവത്തെ കുറിച്ച് ബഷീർ പറഞ്ഞ ഒരു കഥയുണ്ട്. അത് വിചിത്രമായ ഒരനുഭവം കൂടിയാണ്.

ചുള്ളനായ ബഷീർ ഇന്ത്യ മുഴുക്കെ കറങ്ങുന്ന കാലം. അങ്ങനെ കൊൽക്കത്തയിലുമെത്തി. അവിടെ ലോവർ ചിറ്റ്പൂർ റോഡിലെ ആറ് നില കെട്ടിടത്തിനു മുകളിലെ കൊച്ചുമുറിയിലായിരുന്നു താമസം. അത്യുഷ്ണം. സഹമുറിയന്മാരുടെ വിയർപ്പു നാറ്റം. മുറിയുടെ മച്ചിലും താഴെയും മൂട്ടകളുടെ പട!

ഒരു രാത്രി പായയെടുത്ത് ബഷീർ ടെറസ്സിലേക്ക് പോയി. മുകളിൽ തിളങ്ങുന്ന നീലാകാശം. അപാരതയിലക്ക് കണ്ണയച്ച് അങ്ങനെ കിടന്നു. ഒരിളം കാറ്റ് ബഷീറിനെ തഴുകിത്തലോടി. മുല്ലപ്പൂവിന്റെ സുഗന്ധം. കുപ്പിവളകളുടെ കിലുക്കം. പായയിൽ തന്റെ സമീപം ആരോ ഇരിക്കുന്നു.ബഷീർ അമ്പരപ്പോടെ കണ്ണു തുറന്നു. പായയിൽ തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു സുന്ദരി. അവൾ ആർദ്രമായി പറഞ്ഞു. “ഞാൻ സുഹ്റായാണ്.’ സുഹ്റാ ! തന്റെ ബാല്യകാല സഖി. അയൽക്കാരി. അങ്ങകലെ നിന്നും ഈ പെണ്ണെങ്ങനെ ഇവിടെ നഗരത്തിലെത്തി.?
“ഞാൻ എവിടെയൊക്കെ തിരക്കീന്നറിയോ. നല്ല ആളാ.’ അവൾ പരിഭവിച്ചു.
“എന്തുണ്ട് വിശേഷം ‘ അമ്പരപ്പടങ്ങാതെ ബഷീർ ചോദിച്ചു.

“അറിഞ്ഞില്ലേ .. ഞാൻ മരിച്ചു പോയി. നമ്മുടെ പള്ളിപ്പറമ്പിന്റെ കിഴക്കേ മൂലയിലുള്ള പിലാവില്ലേ.. അതിന്റെ ചുവട്ടിലാ എന്നെ അടക്കിയത്.’
ബഷീർ പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു. ആരുമില്ല.

നാട്ടിൽ തന്റെ കളിക്കൂട്ടുകാരി മരിച്ച വിവരം ബഷീർ ആദ്യമായി അറിഞ്ഞത് ഇങ്ങനെയാണ്.
ഈ സ്വപ്നമാണ്, അല്ലെങ്കിൽ വിചിത്രമായ അനുഭവമാണ് ബാല്യകാലസഖിയിലേക്ക് ബഷീറിനെ എത്തിച്ചത്. ബഷീറിന് വലിയ അവാർഡുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവിടെ അതിനേക്കാളൊക്കെ അപ്പുറം ഒരെഴുത്തുകാരന് ലഭിക്കുന്ന പരമോന്നത ബഹുമതി ബഷീർ കൃതികൾ വായനക്കാരനെ തൊട്ടു എന്നുള്ളതാണ്. ലോക മലയാളികൾ ഇപ്പോഴും ആവേശത്തോടെയും കൗതുകത്തോടെയും അവ വായിക്കുന്നു. അതിലപ്പുറം എന്ത് അംഗീകാരമാണ് ഒരെഴുത്തുകാരന് വേണ്ടത്?

ജീവിച്ച കാലത്ത് സമകാലികരായ എഴുത്തുകാരിൽ നിന്നും വ്യത്യസ്തമായി ആശയം കൊണ്ടും ഭാഷകൊണ്ടും വഴിമാറി നടന്ന എഴുത്തുകാരനായിരുന്നു ബഷീർ. അദ്ദേഹത്തിന്റെ മുപ്പതോളം വരുന്ന കൃതികളിൽ പകുതിയും നോവലുകളാണ്. അതു തന്നെ 75ഉം 100ളം പേജുള്ളവ.
നവോത്ഥാന സാഹിത്യകാരന്മാരിൽ ഏറ്റവും കുറച്ചെഴുതി ദീർഘകാലം ജനഹൃദയങ്ങളെ തന്റെ മാന്ത്രിക എഴുത്ത് കൊണ്ട് കീഴടക്കിയ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. അതാണ് സുഹൃത്തായ ഒ വി വിജയൻ പറഞ്ഞത്, കാലങ്ങളിൽ ഒരിക്കൽ സംഭവിക്കുന്ന അത്ഭുതമാണ് ബഷീർ. അദ്ദേഹത്തിന്റെ രചനാരീതി മാജിക്കൽ ആണ്. ചെറിയ വാക്കുകൾ കൊണ്ട് വലിയ ഭാവങ്ങളുണ്ടാക്കുകയും അത് ജനങ്ങളിലേക്ക് സംവേദിപ്പിക്കുകയും ചെയ്യുന്ന മാജിക്.

 സജിത് കെ കൊടക്കാട്ട്

 

അഞ്ച് ശതമാനം കാലിൽ ഒരു ബഷീറിയൻ ജീവിതം

“ബഷീർ അവർകളുടെ വ്യക്തിപരമായ കലാഗുണമെന്താണെന്നു ചോദിച്ചാൽ, ഭാവദീപ്തിയാന്നെന്നു നിശ്ശങ്കം പറയാം. ചൊറുചൊറുക്കുള്ള ആ വാക്യങ്ങളിൽ ഒരു മനുഷ്യഹൃദയത്തിന്റെ ശീഘ്രസ്‌പന്ദനം നമുക്ക് അനുനിമിഷം കേൾക്കാം. ഈ ഗ്രന്ഥകാരന്റെ മറ്റു ചില കഥകളിൽ അനിയന്ത്രിതമായ വികാരോഷ്‌മാവ്‌ കലാനിയമങ്ങളേയും ചിലപ്പോൾ ഉല്ലംഘിച്ച് ആളിക്കത്തുന്നതായി കാണാം. എന്നാൽ ഈ കഥയിൽ ഒരു കലാകാരന് ആവശ്യം വേണ്ടതായ സംയമനത്തിന് ഒരിടത്തും ഭംഗം കാണുന്നില്ല’.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖിക്ക് 1-5-1994 ന് എം പി പോൾ എഴുതിയ അവതാരികയിൽ നിന്നുള്ളതാണ് മേൽവരികൾ. ബാല്യകാല സഖിയുടെ വായന തുടങ്ങേണ്ടത് ആ അവതാരികയിൽ നിന്നാണ്. ബഷീർ സാഹിത്യത്തിന് ലഭിച്ച ഏറ്റവും മനോഹരമായ, അതേസമയം സത്യസന്ധമായ മുഖക്കുറിപ്പുകളിലൊന്നാണ് അതെന്ന് നിസ്സംശയം പറയാം. എഴുത്തുകാരനോടുള്ള ആദരവ് തുറന്നെഴുതിക്കൊണ്ടുതന്നെ (അവതാരികയിൽ രണ്ടിടത്ത് “ബഷീർ അവർകളുടെ’ എന്ന് കാണാം) ബഷീർ കൃതികളിലെ വികാരോഷ്മാവിന്റെ തള്ളിച്ചയെ പ്രശ്നവത്കരിക്കാൻ പോളിന് മടിയുണ്ടായില്ല. എഴുത്തുകാരനെ സന്തോഷിപ്പിക്കാനല്ല അദ്ദേഹം ഈ അവതാരിക എഴുതിയത് എന്നതാണ് അതിന്റെ സത്യസന്ധതയെ നിർണയിക്കുന്ന ഘടകം.

80 വർഷം മുമ്പ് പ്രസിദ്ധീകൃതമായ ഒരു കൃതി ഇപ്പോഴും വായിക്കപ്പെടുന്നു, വായനക്കാരുടെ കണ്ണ് നിറയുന്നു. മജീദും സുഹ്റായും ഉള്ളിൽ നോവ് ബാക്കിവെക്കുന്നു. പ്രണയത്തിന്റെ സാമ്പ്രദായികതകളെ എഴുത്തുകാരൻ എത്ര ലളിതമായാണ് മുറിച്ചുകടക്കുന്നത്. പക്ഷേ, അത് വായനക്കാരനിലുണ്ടാക്കുന്ന ആത്മസംഘർഷം ചെറുതല്ല. ബഷീറിന്റെ അലച്ചിലുകളുടെ കാലത്ത് കൊൽക്കത്തയിൽ വെച്ചാണ് ബാല്യകാല സഖി രചിക്കുന്നത്. ഇംഗ്ലീഷിലാണ് എഴുതിയത്. നാട്ടിലെത്തിയ ശേഷം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

പശ്ചാത്തലമൊരുക്കി പ്രണയത്തിലേക്ക് രണ്ടുപേരെ തള്ളിവിടുകയായിരുന്നില്ല ബഷീർ. കഥ മുന്നോട്ടുകൊണ്ടുപോകാൻ മജീദിനെയും സുഹ്റായെയും തമ്മിൽ പ്രണയിപ്പിക്കുകയുമായിരുന്നില്ല. ഇരുവരും പ്രണയബദ്ധരാകാനുള്ള സാധ്യതകളെ പാടേ നിരാകരിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത് തന്നെ.

“ബാല്യകാലം മുതൽക്കുതന്നെ സുഹ്‌റായും മജീദും സുഹൃത്തുക്കളായിരുന്നുവെങ്കിലും അവരുടെ സ്നേഹബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതരാവുന്നതിനു മുമ്പേ ബദ്ധശത്രുക്കളായിരുന്നു എന്നതാണ്. എന്താണ് ശത്രുത്വത്തിനു കാരണം? അവർ അയൽവക്കക്കാരാണ്. ആ രണ്ടു കുടുംബങ്ങളും സൗഹാർദതയിൽത്തന്നെ. എന്നാൽ സുഹ്‌റായും മജീദും ബദ്ധവൈരികളാണ്. സുഹ്റായ്ക്ക് ഏഴും മജീദിന് ഒമ്പതുമായിരുന്നു വയസ്സ്. അന്യോന്യം കോക്രി കാട്ടുകയും പേടിപ്പെടുത്താൻ ശ്രമിക്കയുമായിരുന്നു അവരുടെ പതിവ്.’

ഇരു കുടുംബങ്ങളുടെയും സാമ്പത്തികനില കൂടി പരിശോധിക്കുമ്പോൾ ഒരിക്കലും പ്രണയബദ്ധരാകാൻ കഴിയാത്ത സാമൂഹികനിലയുമായിരുന്നു. “വീടുതോറും നടന്ന് അടയ്ക്കാ വാങ്ങി ചാക്കിൽ ചുമന്നു കൊണ്ടുവന്നു വിൽക്കുന്ന വെറും ഒരു അടയ്ക്കാക്കച്ചവടക്കാരന്റെ മകൾ’ ആയിരുന്നു സുഹ്‌റ. മജീദിന്റെ ബാപ്പയാകട്ടെ “വലിയ തടിക്കച്ചവടക്കാരനായ പണക്കാരനും’. മജീദിനെ ബാപ്പ പട്ടണത്തിലെ ഹൈസ്‌കൂളിൽ പഠിക്കാൻ വിടുന്നുണ്ട്. സുഹ്‌റ അവളുടെ വീടിന്റെ വാതിൽക്കൽ നിന്ന് ആ കാഴ്‌ച കാണുന്നുണ്ട്. പതിവുകൾ തെറ്റിച്ചുകൊണ്ട് എഴുതിത്തുടങ്ങിയ നോവൽ മുന്നേറുമ്പോൾ പ്രണയം എന്ന “സങ്കൽപ്പത്തെ’ തന്നെ പൊളിച്ചെഴുതുന്നു നോവലിസ്റ്റ്.

മാംസനിബദ്ധമല്ലാത്ത സ്നേഹ മുഹൂർത്തങ്ങളിലേക്ക് പതിയെ വായനക്കാരന്റെ കൈപിടിക്കുന്നു. അവിടെയും നിർത്താതെ രണ്ട് വഴിയേ പിരിഞ്ഞുപോകാൻ വിധിക്കപ്പെട്ടവരായി അവരെ കാലം മാറ്റുന്നു. പണക്കാരനായ ബാപ്പയുടെ മകൻ ഹോട്ടലിൽ എച്ചിൽ പാത്രം കഴുകാൻ വിധിക്കപ്പെടുന്നു. സുഹ്‌റയാകട്ടെ പണക്കൊതിയനായ ഒരാളുടെ രണ്ടാം ഭാര്യയായി, അടിയും തൊഴിയും കൊണ്ട് ശരിയായി ഭക്ഷണം പോലും കിട്ടാതെ ഒടുവിൽ രോഗം വന്ന് മരിക്കുന്നു. സുഹ്‌റ ഭർത്താവിനെ കുറിച്ച് മജീദിനോട് പറയുന്നൊരു ഭാഗമുണ്ട് നോവലിൽ.

“വലിയ അരിശക്കാരനാണ്. അദ്ദേഹത്തിന് വേറെ ഒരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഞാൻ വീട്ടിൽ നിന്ന് നിർബന്ധിച്ച് കണക്കു പറഞ്ഞ് എന്റെ ഓഹരി വാങ്ങിക്കണമെന്നു എന്നും പറയും. എനിക്ക് അനിയത്തിമാരില്ലേ? ഞാനെന്തു ചെയ്യും? ഞാൻ വിസമ്മതം പറഞ്ഞാൽ അപ്പോഴൊക്കെ എന്നെ അടിക്കും. ഒരിക്കൽ എന്റെ നാഭിക്കു തൊഴിച്ചു. ഞാൻ കമിഴ്ന്നടിച്ചു വീണുപോയി. അന്നെന്റെ പല്ലടർന്നതാ, ദേ.’ ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്കുള്ള യാത്രയായി സുഹ്റയുടെ ജീവിതം. മജീദിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. സഹോദരിമാരെ “മാനോം മരിയാതക്കും’ കെട്ടിച്ചയക്കാനുള്ള വക കണ്ടെത്താൻ “ആയിരത്തഞ്ഞൂറ് മൈൽ ദൂരെയുള്ള മഹാനഗരിയിൽ’ ചെന്നുപറ്റിയ മജീദിന് ആകസ്മികമായുണ്ടായ ഒരപകടത്തിൽ ഒരു കാലിന്റെ പാതി മുറിച്ചുകളയേണ്ടി വരുന്നു.

നാട്ടിലേക്ക് വെറും കയ്യുമായി മടങ്ങിപ്പോകാൻ വയ്യായിരുന്നു. കെട്ടുപ്രായം കടന്ന സഹോദരിമാർ, വൃദ്ധരായ മാതാപിതാക്കൾ, കടം കയറിയ വീട്… അതിനു നടുവിലേക്ക് കാൽഛേദം വന്ന ഏക ആൺതരി കടന്നുചെല്ലുന്നതിന്റെ ദുരന്തം മജീദ് മുന്നിൽ കണ്ടു. അങ്ങനെയാണ് അയാളുടെ ജീവിതം ഹോട്ടലിലെ എച്ചിൽ പാത്രങ്ങളിലേക്ക് ചുരുങ്ങുന്നത്. അവിടേക്കാണ് മറ്റാരുടെയോ കൈപ്പടയിൽ ഉമ്മയുടെ കത്ത് വരുന്നത്. “മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹ്‌റാ മരിച്ചു. അവളുടെ വീട്ടിൽക്കിടന്ന്; എന്റെ മടിയിൽ തലവെച്ച്.

പള്ളിപ്പറമ്പിൽ അവളുടെ ബാപ്പായുടെ കബറിനരുകിലാണ് സുഹ്‌റായെ മറവു ചെയ്തിരിക്കുന്നത്. ഞങ്ങൾക്കൊക്കെയും ഉണ്ടായിരുന്ന തുണയും സഹായവും അങ്ങനെ പോയി. ഇനി അല്ലാഹുവിനെക്കഴിഞ്ഞാൽ നീയാണുള്ളത്.’

മനുഷ്യജീവിതം ഏതെല്ലാം കൈവഴികളിലൂടെയാണൊഴുകുന്നത് എന്ന് വായനക്കാരനെ ചിന്തിപ്പിക്കുകയും ഒരുവേള നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു ബാല്യകാല സഖി. എത്ര തലമുറകളായി ഇത് വായിക്കുന്നു. വായിച്ചവർ തന്നെ വീണ്ടും വീണ്ടും വായിക്കുന്നു. ഓരോ വായനയും അവസാനിക്കുന്നത് ഒരുതുള്ളി കണ്ണുനീരിലാണ്. സാഹിത്യത്തിലെ ബഷീറിയൻ മാന്ത്രികത എല്ലാ അർഥത്തിലും അനുഭവിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ഇതിലെ മജീദ് ബഷീർ തന്നെയാണ്. ഒരഭിമുഖത്തിൽ ബഷീറിനോട് ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. “ബാല്യകാല സഖി 95 ശതമാനം സ്വന്തം ജീവിതമാണെന്ന് പറഞ്ഞിരുന്നു. അതൊന്ന് വിശദീകരിക്കാമോ? ബഷീറിന്റെ മറുപടിയിങ്ങനെ:

“അഞ്ച് ശതമാനം എന്റെ കാലാണ്. ഞാനാകുന്ന മജീദിന്റെ കാല് ഞാൻ ഒടിച്ചു. മജീദ് ഞാനാണെന്ന് മനസ്സിലാവാതിരിക്കാൻ വേണ്ടി ഒന്നരക്കാലനാക്കി’. മലയാള സാഹിത്യത്തിൽ വായനക്കാരുടെ കണക്കെടുത്താൽ പൊയ്ക്കാലുകളും വെച്ചുകെട്ടലും ഇല്ലാതെ നിവർന്നുനിൽക്കാൻ യോഗ്യത നേടിയ എഴുത്തുകാരിൽ ഒന്നാം സ്ഥാനത്ത് നിശ്ചയമായും ബഷീറുണ്ടാകും.

 മുഹമ്മദലി കിനാലൂർ

---- facebook comment plugin here -----

Latest