articles
ഒ കെ ഉസ്താദ്: വിജ്ഞാനത്തിന്റെ വിളക്കുമാടം
ഫിഖ്ഹ്, ഹദീസ്, തഫ്‌സീർ, മആനീ, മൻഥ്വിഖ് തുടങ്ങിയ എല്ലാ വിഷയത്തിലും ശൈഖുനാക്ക് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു.
ബഹ്‌റുൽ ഉലൂം എന്നാണ് ഉസ്താദുൽ അസാതീദ്
ഒ കെ സൈനുദ്ദീൻ ബിൻ അലി ഹസൻ എന്നവർ വിശേഷിപ്പിക്കപ്പെടാറുള്ളത്. ഉസ്താദിനെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും യോജിച്ച അർഥവത്തായ വിശേഷണമാണത്. പല മുദർരിസുമാരും ഒരു ഫന്നിൽ തഹ്ഖീഖ് ഉള്ളവരും മറ്റു ഫന്നുകളിൽ അത്ര ശോഭിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ചിലർക്ക് മാത്രം എല്ലാ ഫന്നിലും പ്രാവീണ്യമുണ്ടായിരിക്കും. ബഹുമാനപ്പെട്ട ശൈഖുനാക്ക് എല്ലാ ഫന്നിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു.
ഫിഖ്ഹ്, ഹദീസ്, തഫ്‌സീർ, മആനീ, മൻഥ്വിഖ് തുടങ്ങിയ എല്ലാ വിഷയത്തിലും ശൈഖുനാക്ക് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. അതിനുപുറമെ ഗോളശാസ്ത്രത്തിൽ അങ്ങേയറ്റം അറിവുമുണ്ട്. ഖിബ്്ല നിർണയിക്കുന്നതിനും നിസ്‌കാര സമയം നിജപ്പെടുത്തുന്നതിനും ആശ്രയിക്കുന്ന രിസാലത്തുൽ ഹിസാബ്, രിസാലത്തുൽ മാറദീനി തുടങ്ങിയ കിതാബുകളിലെ ഓരോ വിഷയങ്ങളുടെയും ബുർഹാനുകൾ വളരെ ലളിതമായാണ് ശൈഖുനാ വിവരിച്ചുതരാറുള്ളത്.
ഗോളശാസ്ത്ര ഗ്രന്ഥങ്ങളിൽ വലിയ പാണ്ഡിത്യമുണ്ടായിരുന്നെന്ന് മാത്രമല്ല, അത് വിദ്യാർഥികൾക്ക് സംശയങ്ങൾക്കിടയില്ലാത്തവിധം വിവരിച്ചുനൽകുന്നതിലും ഉസ്താദിന് സവിശേഷ കഴിവുള്ളതായി തോന്നിയിട്ടുണ്ട്. വരച്ചുവെച്ച ആകാശത്തിലേക്ക് ചൂണ്ടി ത്രികോണ വരകളും(മുസല്ലസുകൾ) മറ്റുരൂപങ്ങളും ഉസ്താദ് വിവരിച്ചുതരുമ്പോൾ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. ഗോള ശാസ്ത്രം അത്രയും ലളിതമായി അവതരിപ്പിക്കാൻ കഴിവുള്ള പണ്ഡിതർ അക്കാലഘട്ടത്തിൽ വളരെ കുറവായിരുന്നു. ഉസ്ഥുല്ലാബ് ഉപയോഗിക്കുന്നതിലും ലോഗരിതത്തിലും ശൈഖുനക്ക് നല്ല കഴിവ് ഉണ്ടായിരുന്നു. ലോഗരിതത്തിൽ ഉസ്താദിനുണ്ടായിരുന്ന പാണ്ഡിത്യം മനസ്സിലാക്കാൻ ചില ശിഷ്യർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരു പഴയ മുസ്്ലിയാർ എന്നനിലയിൽ അത്തരം വിഷയങ്ങളിൽ ഉസ്താദിന് അറിവുണ്ടാകുമെന്ന് പലരും മനസ്സിലാക്കിയിരുന്നില്ല.
ബഹ്റുൽ ഉലൂം ഉസ്താദുൽ അസാതീദ് ഒ കെ ഉസ്താദിന്റെ ദർസിൽ പഠിക്കാൻ അവസരം ലഭിച്ചു എന്നത് എന്റെ ജീവിതത്തിന്റെ ദിശ നിർണയിച്ച സംഭവമായിരുന്നു. കോളിക്കൽ ദർസിൽ പഠിക്കുന്ന കാലത്താണ് ബിരുദമെടുക്കുന്നതിനായി കോളജിൽ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഉന്നത പഠനത്തിന് വേണ്ടി പുറംനാടുകളിൽ പോകുന്ന വിദ്യാർഥികൾ കിതാബുകളിലെ തഹ്ഖീഖിന് വേണ്ടി ഒ കെ സൈനുദ്ദീൻ കുട്ടി മുസ്്ലിയാരുടെ ദർസിൽ പോകുന്ന പതിവുണ്ട്. ചെറുപ്പകാലം മുതലേ എന്റെ മാർഗദർശിയും വഴികാട്ടിയുമായ സയ്യിദ് അബ്ദുൽഖാദിർ അഹ്ദൽ അവേലത്ത് തങ്ങളാണ് ചാലിയത്തെ ദർസിനെയും മുദർരിസിനെയും കുറിച്ച് പറഞ്ഞുതന്നത്. ചാലിയത്ത് പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഉസ്താദ് അവിടംവിട്ട് തലക്കടത്തൂരിലേക്ക് പോയി എന്നറിയാൻ കഴിഞ്ഞത്. ഉടൻ തലക്കടത്തൂരിലേക്ക് പോകുന്നതിനെക്കുറിച്ചായി ചിന്ത. നൂറ്റിപ്പത്തോളം മുതഅല്ലിമുകളുമായാണ് ഉസ്താദ് തലക്കടത്തൂരിലെത്തിയത്. അവരെ എല്ലാവരെയും അവിടെ എടുക്കണം എന്ന് ഉസ്താദ് കമ്മിറ്റിക്കാരോട് താത്പര്യപ്പെട്ടു. പക്ഷെ, അസൗകര്യങ്ങൾ കാരണം 75 പേരെ മാത്രമേ താമസിപ്പിക്കാൻ കഴിയൂ എന്നായി അവർ. ഇതോടെ ഞാൻ ആശങ്കപ്പെട്ടു. ആ 75ൽ ഉൾപ്പെട്ടില്ലെങ്കിലോ എന്നായിരുന്നു ചിന്ത. ഭാഗ്യവശാൽ പ്രയാസമൊന്നുമില്ലാതെ അവസരം
ലഭിച്ചു.
തലക്കടത്തൂരിലെ ദർസിന് ശേഷം ഉസ്താദ് വീണ്ടും ചാലിയത്ത് തന്നെ വന്നു. അവിടെയും ഉസ്താദിന്റെ കീഴിൽ ആ ജീവിതം നേരിട്ടുകണ്ട് ഒരുപാട് വിജ്ഞാനങ്ങൾ നുകരാൻ സാധിച്ചു. ജംഉൽ ജവാമിഅ്, മുഖ്തസറുൽ മആനിയുടെയും സ്വഹീഹുൽ ബുഖാരിയുടെയും ഏതാനും ഭാഗങ്ങൾ എന്നിവയെല്ലാം ഞാൻ ഓതിയത് ശൈഖുനാ ബഹ്‌റുൽ ഉലൂമിന്റെ അടുത്തുനിന്നാണ്. ദർസ് നടത്തുന്നതിനിടയിൽ പാഠങ്ങൾ പരിശോധിക്കാതെ, സംശയങ്ങൾ തീർത്തുതരാതെ അടുത്ത ഭാഗം ഉസ്താദ് എടുക്കാറില്ല.
ഉപരിപഠനകാലത്ത് കിതാബ് നന്നായി ശ്രദ്ധിക്കാനും അതിനുശേഷം അധ്യാപനകാലത്ത് നന്നായി ഓതിക്കൊടുക്കാനും സാധിച്ചത് ബഹ്‌റുൽ ഉലൂമിന്റെ കഴിവും പൊരുത്തവും ഞങ്ങൾക്ക് കിട്ടിയതിനാലാണ് എന്ന് എനിക്കിപ്പോഴും ഉറപ്പുണ്ട്. രാത്രിയോ പകലോ എന്നില്ലാതെ ഏതുസമയത്തും സംശയം ചോദിക്കാൻ ഞങ്ങൾക്ക് ഉസ്താദിന്റെ അടുക്കൽ പോകാമായിരുന്നു. പഠനാനന്തരം വെല്ലൂർ ബാഖിയാത്തിലേക്ക് എന്നെ അയക്കുന്നതും ഉസ്താദ് തന്നെയാണ്.
ദർസ് അധ്യാപനത്തിൽ മാത്രമല്ല, ഇഹ്്യാഉസ്സുന്ന പോലുള്ള ഉന്നത കലാലയത്തിന്റെ നിർമാണത്തിലും സമസ്തയുടെ വിവിധ പദ്ധതികളിലും ഒ കെ ഉസ്താദ് ഭാഗമായി. സമസ്ത പുനഃസംഘടനയുടെ കാലത്ത് ഞങ്ങൾക്ക് ധൈര്യവും ഊർജവും നൽകിയത് ശൈഖുനയാണ്. ഒരുപാട് പണ്ഡിതരും മുദർരിസുമാരും ശിഷ്യരായുള്ള, എല്ലാ ഫന്നിലും ആഴത്തിൽ അറിവുള്ള ശൈഖുനാ ഉസ്താദുൽ അസാതീദ്, ബഹ്റുൽ ഉലൂം എന്നീ സ്ഥാനപ്പേരുകൾക്ക് എന്തുകൊണ്ടും അർഹനാണെന്നത് പലപ്പോഴും
ആലോചിച്ചിട്ടുണ്ട്.
ശൈഖുനായുടെ ഈ ആണ്ടനുസ്മരണ വേളയിൽ അവിടുത്തെ ഓർക്കുകയും ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നത് മുതഅല്ലിമുകൾക്കും അധ്യാപകർക്കും ദീനി പ്രവർത്തകർക്കും വളരെ ഗുണകരമായിരിക്കും. അല്ലാഹു അവരുടെ ആഖിറം സ്വർഗീയമാക്കുകയും ഖബ്റിനെ വിശാലമാക്കുകയും അവിടുത്തെ ബർകത്ത് കൊണ്ട് നാഫിആയ അറിവ് നൽകുകയും ചെയ്യട്ടെ. മരണപ്പെട്ട അവിടുത്തെ ഭാര്യയുടെയും മക്കളുടെയും പരലോകജീവിതം സന്തോഷത്തിലാകാനും ജീവിച്ചിരിക്കുന്ന മക്കൾക്കും കുടുംബങ്ങൾക്കും ബർകത്ത് നൽകട്ടെ എന്നും
പ്രാർഥിക്കുന്നു.