First Gear
കാറിന്‍റെ റേഞ്ചുമായി ഓലയുടെ ബൈക്ക്; അറിയാം റോഡ്സ്റ്ററിനെ
9.1 കിലോവാട്ടുള്ള റോഡ്സ്റ്റർ എക്സ് പ്ലസിനാണ് 501 കിലോമീറ്റർ റേഞ്ച് കമ്പനി അവകാശപ്പെടുന്നത്.

ബംഗളൂരു | ഒറ്റ ചാർജിൽ 501 കിലോമീറ്റർ. ഇലക്‌ട്രിക് കാറിന്‍റെ കാര്യമല്ല ഓല പുറത്തിറക്കിയ പുതിയ ഇലക്‌ട്രിക് ബൈക്കിന് കമ്പനി അവകാശപ്പെടുന്ന റേഞ്ചാണിത്. റോഡ്സ്റ്റർ എക്സ് എന്ന പേരിൽ കമ്പനി പുറത്തിറക്കിയ ഇ ബൈക്കാണ് വാഹനലോകത്തിന് ആകെ അമ്പരപ്പായിരിക്കുന്നത്.
രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രം വിലയിലാണ് 501 കിലോമീറ്റർ റേഞ്ച് ബൈക്ക് ഓല വിപണിയിൽ എത്തിക്കുന്നത് എന്നതും ഈ അമ്പരപ്പിന് കാരണമാണ്. റോഡ്സ്റ്റർ എക്സ്, റോഡ്സ്റ്റർ എക്സ് പ്ലസ് വേരിയന്‍റുകളിലായി അഞ്ച് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ ബൈക്ക് ഓല അവതരിപ്പിച്ചിരിക്കുന്നത്. റോഡ്സ്റ്റർ എക്സിൽ മൂന്ന് ബാറ്ററി പാക്ക് വേരിയന്‍റുകളും റോഡ്‌സ്റ്റർ എക്സ് പ്ലസിൽ രണ്ട് ബാറ്ററി പാക്ക് വേരിയന്‍റുകളുമാണുള്ളത്.
റോഡ്സ്റ്റർ എക്സ്
2.5, 3.5, 4.5 കിലോവാട്ട് ബാറ്ററി മോഡലുകളാണ് റോഡ്സ്റ്റർ എക്സ് വേരിയന്‍റിൽ വരുന്നത്. 2.5 കിലോവാട്ട് മോഡലിന് 144 കിലോമീറ്ററാണ് റേഞ്ച്. 3.5, 4.5 മോഡലുകൾക്ക് യഥാക്രമം 201, 259 എന്നിങ്ങനെയാണ് കമ്പനി റേഞ്ച് അവകാശപ്പെടുന്നത്. 2.5 കിലോവാട്ട് മോഡലിന് 105 കിലോമീറ്ററും 3.5, 4.5 മോഡലുകൾക്ക് 118 ഉം ആണ് ഉയർന്ന വേഗത. ഇക്കോ, നോർമൽ, സ്പോർട്സ് എന്നീ മൂന്ന് റൈഡ് മോഡുകളുണ്ട്. 4.3 ഇഞ്ച് എൽസിഡി ഡിസ്പ്ലേയും ലഭിക്കും. സിൽവർ, ബ്ലൂ, ഗ്രീൻ, വൈറ്റ് നിറങ്ങളിൽ വാഹനം സ്വന്തമാക്കാം. റോഡ്സ്റ്റർ എക്സ് 2.5 കിലോ വാട്ടിന് 74,999 രൂപയും 3.5 കിലോവാട്ടിന് 84,999 രൂപയും 4.5 കിലോ വാട്ടിന് 94,999 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന എക്‌സ് ഷോറൂം വില.
റോഡ്സ്റ്റർ എക്സ് പ്ലസ്
9.1 കിലോവാട്ടുള്ള റോഡ്സ്റ്റർ എക്സ് പ്ലസിനാണ് 501 കിലോമീറ്റർ റേഞ്ച് കമ്പനി അവകാശപ്പെടുന്നത്. 4.5 വേരിയന്‍റിന് 259 ആണ് റേഞ്ച്. ഇക്കോ, നോർമൽ, സ്പോർട്സ് എന്നീ മൂന്ന് റൈഡ് മോഡുകൾ ഇതിനുമുണ്ട്. 125 ആണ് ഉയർന്ന വേഗത. 4.3 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, അഡ്വാൻസ്ഡ് റീജൻ ബ്രേക്കിങ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ് എന്നീ ഫീച്ചറുകൾ ഉണ്ട്. ബ്രേക്ക് ബൈ വയർ, സിംഗിൾ ചാനൽ എബിഎസ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.റോഡ്സ്റ്റർ എക്സ് പ്ലസ് 9.1 കിലോവാട്ടിന് 1,54,999 രൂപയാണ് എക്‌സ് ഷോറൂം വില. റോഡ്സ്റ്റർ എക്സ് പ്ലസ് 4.5 കിലോ വാട്ട് 1,04,999 രൂപയ്‌ക്ക് ലഭിക്കും.
സിൽവർ, ബ്ലൂ, ഗ്രീൻ, വൈറ്റ് നിറങ്ങളിലാണ് ഇരുമോഡലുകളും പുറത്തിറക്കുന്നത്. സ്കേലബിൾ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിലാണ് ബൈക്കുകളുടെ നിർമാണം. മാർച്ച് പകുതിയോടെ വാഹനം വിതരണം ചെയ്യാനാണ് ഒല പദ്ധതിയിട്ടിരിക്കുന്നത്.