Connect with us

First Gear

ഓല ഇലക്ട്രിക്‌സ് അടുത്ത ആഴ്ച മുതല്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും

ബെംഗളുരുവിലെയും ചെന്നൈയിലെയും ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറുന്നതിനായി കമ്പനി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലോടി തുടങ്ങി. നേരത്തെ ബെംഗളുരുവിലും ചെന്നൈയിലും എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള ഡെലിവറി ആരംഭിച്ച കമ്പനി കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി വിതരണം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത ആഴ്ച മുതല്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളായ മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യുമെന്നാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓല പ്രഖ്യാപിച്ചിരിക്കുന്നത്.

ഓല ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുകളായ എസ്1, എസ്1 പ്രോ മോഡലുകള്‍ ഓഗസ്റ്റ് 15ന് ലോഞ്ച് ചെയ്ത് ഏകദേശം നാല് മാസത്തെ കാലതാമസത്തിന് ശേഷം ഡിസംബര്‍ 16നാണ് ഡെലിവറി ആരംഭിച്ചത്. ബെംഗളുരുവിലെയും ചെന്നൈയിലെയും ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറുന്നതിനായി കമ്പനി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ആദ്യ ബാച്ച് ഡെലിവറി ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ നടക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ഡിസംബര്‍ 15 നും ഡിസംബര്‍ 30 നും ഇടയില്‍ നടക്കാനാണ് സാധ്യതയെന്ന് കമ്പനി പിന്നീട് അറിയിച്ചിരുന്നു. സെപ്തംബറില്‍ രണ്ട് ദിവസത്തേക്ക് മാത്രമാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വിന്‍ഡോ തുറന്നത്. കഴിഞ്ഞ മാസം ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് രാജ്യത്തുടനീളം ടെസ്റ്റ് റൈഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഉപഭോക്തൃ അനുഭവ സംരംഭവും പുറത്തിറക്കിയിരുന്നു.

ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. എസ്1ന്റെ വില ഒരു ലക്ഷം രൂപയാണെങ്കില്‍ എസ്1 പ്രോയ്ക്ക് 1.30 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. എന്നാല്‍ സംസ്ഥാന സബ്സിഡികള്‍ ഉപയോഗിച്ച് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ മോഡലുകള്‍ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും. എസ്1 വേരിയന്റ് പൂര്‍ണ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ കൂടുതല്‍ ചെലവേറിയ എസ്1 പ്രോ 180 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് ഓല ഇലക്ട്രിക് അവകാശപ്പെടുന്നത്.

നോര്‍മല്‍, സ്പോര്‍ട്ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമായാണ് ഓല ഇ-സ്‌കൂട്ടറുകള്‍ വരുന്നത്. ആന്‍ഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള വലിയ ഡിസ്പ്ലേ സ്‌ക്രീന്‍, ആപ്പ് കണ്‍ട്രോള്‍, സ്പീക്കറുകള്‍, ചാര്‍ജുചെയ്യാനുള്ള യുഎസ്ബി പോയിന്റ്, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്പെയ്സ് എന്നിവ പോലുള്ള സവിശേഷതകളാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റു പ്രത്യേകതകള്‍.