Connect with us

First Gear

എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിച്ച് ഓല

രണ്ട് മോഡലുകളും പെര്‍ഫോമന്‍സ്, റേഞ്ച്, കളര്‍ ഓപ്ഷന്‍, റൈഡിംഗ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിച്ച് ഓല. 2021 സെപ്തംബര്‍ 8 മുതല്‍ മോഡലുകള്‍ക്കായുള്ള വില്‍പന ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും വെബ്‌സൈറ്റിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം വൈകുകയായിരുന്നു. ഇപ്പോള്‍ ഓല ഇലക്ട്രിക് എസ്1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് രാവിലെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു. ബുക്കിംഗുകളും വാങ്ങലുകളും പൂര്‍ണമായും ഓണ്‍ലൈനില്‍ നടത്തുന്ന മാതൃകയാണ് കമ്പനി പിന്തുടരുന്നത്.

ഡീലര്‍ഷിപ്പുകളോ മറ്റ് ശൃംഖലകളോ കമ്പനിക്കില്ല. വായ്പ നല്‍കാനും ഇഎംഐ സ്‌കീമുകള്‍ വാഗ്ദാനം ചെയ്യാനും കമ്പനി നിരവധി ഫിനാന്‍സ് സ്ഥാപനങ്ങളുമായി കൈകോര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് ഓല ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ എസ്1 രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കിയത്. അടിസ്ഥാന എസ്1 വേരിയന്റിന് 99,999 രൂപയും ടോപ്പ് ഓല എസ്1 പ്രോ പതിപ്പിന് 1,29,999 രൂപയുമാണ് എക്സ്ഷോറൂം വില. വിവിധ സംസ്ഥാനതല സബ്സിഡികള്‍ വഴി വില ഇനിയും കുറയും.

രണ്ട് മോഡലുകളും പെര്‍ഫോമന്‍സ്, റേഞ്ച്, കളര്‍ ഓപ്ഷന്‍, റൈഡിംഗ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസമുണ്ട്. എങ്കിലും ഇരു മോഡലുകളും കാഴ്ചയില്‍ സമാനമാണ്. എസ്1 പതിപ്പിന് ഏകദേശം 120 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ടോപ്പ് മോഡലായ പ്രോ വേരിയന്റിന് 180 കിലോമീറ്റര്‍ റേഞ്ചും കമ്പനി അവകാശപ്പെടുന്നുണ്ട്.

8.5 കിലോവാട്ട് പവറും 58 എന്‍എംടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടറാണ് രണ്ട് വേരിയന്റിനുമുള്ളത്. ബേസ് മോഡലിന്റെ ബാറ്ററി കരുത്ത് 2.98 കെഡബ്ല്യുഎച്ച് ആണ്. അതേസമയം വിലയേറിയ വേരിയന്റിന് 3.97 കെഡബ്ല്യുഎച്ച് ആയി ഉയരുകയും ചെയ്യും. എസ്1 പ്രോയ്ക്ക് പരമാവധി 115 കിലോമീറ്റര്‍ വേഗതയും മികച്ച ആക്സിലറേഷനുമാണുള്ളത്.

 

Latest