First Gear
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിള്‍ ഹബ്ബ് തമിഴ്നാട്ടില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് ഒല
ഒല ഈ വര്‍ഷം അവസാനം ഹബ്ബില്‍ നിന്ന് സെല്ലുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.
ചെന്നെ| 76.1 ബില്യണ്‍ രൂപ മുതല്‍മുടക്കില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഹബ്ബ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് ഒല. തമിഴ്നാട്ടില്‍ 2,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഹബ്, ഹൗസിംഗ് വെണ്ടര്‍, സപ്ലയര്‍ പാര്‍ക്കുകള്‍ക്ക് പുറമെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, കാറുകള്‍, ബാറ്ററി സെല്ലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കുമെന്ന് ഒല മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവസാനം ഹബ്ബില്‍ നിന്ന് സെല്ലുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.
അതിനൂതന ബാറ്ററി സെൽ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2.3 ബില്യൺ ഡോളർ പദ്ധതിയുടെ ആനുകൂല്യം, ഒലയെ കൂടാതെ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ബുള്ളിയൻ റിഫൈനറായ രാജേഷ് എക്സ്പോർട്ട്സ് ലിമിറ്റഡ് എന്നിവയ്ക്കും ലഭിക്കും.
500 മില്യൺ ഡോളർ മുതൽ മുടക്കിൽ ബംഗളൂരുവിലെ ബാറ്ററി ഇന്നൊവേഷൻ സെന്ററിൽ വികസിപ്പിച്ചെടുത്ത ആദ്യ ലിഥിയം അയൺ സെൽ കഴിഞ്ഞ വർഷം ഒല പുറത്തിറക്കിയിരുന്നു. അടുത്ത ദശകത്തിൽ, മോട്ടോറുകൾ, അപൂർവ-ഭൗമ കാന്തങ്ങൾ, അർദ്ധചാലകങ്ങൾ, ലിഥിയം സംസ്കരണം, ഗ്രാഫൈറ്റ്, നിക്കൽ തുടങ്ങിയ ധാതുക്കളിൽ നിന്നുള്ള ഇലക്ട്രോഡ് ഉൽപ്പാദനം തുടങ്ങിയ മെറ്റീരിയലുകൾക്കും ഘടകങ്ങൾക്കുമായി ഒരു പ്രാദേശിക വിതരണ ശൃംഖല വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒല വൃത്തങ്ങൾ അറിയിച്ചു.