First Gear
ഒല എസ്1 എയര്‍ ഇന്ന് അവതരിപ്പിക്കും
ബ്രാന്റിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഒല എസ്1 എയര്‍.
ന്യൂഡല്‍ഹി| ഇന്ത്യയിലെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണി മത്സരം നിറഞ്ഞതാണ്. മികച്ച റേഞ്ചും ഡിസൈനുമായി പുതിയ ഇവി സ്‌കൂട്ടറുകള്‍ വിവിധ കമ്പനികള്‍ പുറത്തിറക്കുന്നുമുണ്ട്. ഇപ്പോള്‍ ഒലയും പുതിയ സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഒല എസ്1 എയര്‍ എന്ന മോഡലാണ് കമ്പനി ജൂലൈ 28ന് അവതരിപ്പിക്കുന്നത്. ബ്രാന്റിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് സ്‌കൂട്ടറായിരിക്കും ഒല എസ്1 എയര്‍.
ഒല എസ്1 എയര്‍ സ്‌കൂട്ടര്‍ തിളങ്ങുന്ന നിയോണ്‍ കളര്‍ സ്‌കീമിലാണ് എത്തുന്നത്. എസ്1 എയറിന്റെ പര്‍ച്ചേസ് വിന്‍ഡോ ഇതിനകം ബുക്ക് ചെയ്തവര്‍ക്കായി ജൂലൈ 28 മുതല്‍ ജൂലൈ 30 വരെ തുറക്കും. മറ്റുള്ളവര്‍ക്ക് ജൂലൈ 31 മുതല്‍ ഒല ഇലക്ട്രിക് പര്‍ച്ചേസ് വിന്‍ഡോ ഓപ്പണാകും. ഒല എസ്1 എയര്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില 1.09 ലക്ഷം രൂപ മുതലായിരിക്കും ആരംഭിക്കുക. ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. ഓഫര്‍ അവസാനിച്ചാല്‍ സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില 1.19 ലക്ഷം രൂപയായി ഉയരും. സ്‌കൂട്ടറിന്റെ ഡെലിവറി ഓഗസ്റ്റ് ആദ്യം മുതല്‍ ആരംഭിക്കും.
ഈ സ്‌കൂട്ടറിലെ ബാറ്ററി പാക്കിന് 3 കെഡബ്ല്യുഎച്ച് വലുപ്പമുണ്ടാകും. ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ചായിരിക്കും ഈ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നല്‍കുന്നത്. ചാര്‍ജിങ് സമയം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകള്‍ ഒല എസ്1 എയര്‍ സ്‌കൂട്ടറില്‍ ഉണ്ടായിരിക്കും.