Poem
വാർധക്യം
ചിറകുകളിൽ മധുരഗീതവുമായ് വിളവിന്റെ പാടങ്ങളെ കൊയ്തെടുത്തു കൊണ്ട്'. അടുത്തും അകലെയുമായ് മേഘങ്ങളുടെ വിരമിക്കൽ നോക്കി കാണുന്നു.
പുഷ്കല കാലത്തെക്കുറിച്ച്
പറഞ്ഞു കൊണ്ടേയിരുന്ന്
നാം മുഖത്തെ തണുത്ത മഞ്ഞിനെ
കൈകളാൽ തുടച്ചുനീക്കുന്നു.
എങ്ങനെയാണ്
ഇളം കാറ്റ് ചിരിക്കുന്നതെന്ന്
പറവകൾ പാടുന്നതെന്ന്
മരങ്ങൾ നൃത്തം ചെയ്യുന്നതെന്ന്
വിത്തുകൾ മണ്ണിലേക്ക്
വേരുകളാഴ്ത്തുന്നതെന്ന്
ഒടുക്കമവ
പഴങ്ങളെ കൊമ്പിൽ വഹിക്കുന്നതെന്ന്
നാം പറഞ്ഞു കൊണ്ടേയിരിക്കുന്നു.
നാം ശരത്കാലത്തെക്കുറിച്ച് പറയുമ്പോൾ
നിഴലുകൾ കുനിഞ്ഞു നിൽക്കുന്നു.
വൈകുന്നേരങ്ങൾ
അനന്തമായി നീളുന്നു.
ആകാശത്ത്,
നക്ഷത്രങ്ങളും ചന്ദ്രനും തിളങ്ങാൻ തുടങ്ങുന്നു.
കണ്ണുകളാൽ കാണാൻ കഴിയുന്നതുവരെ
മതിലുകൾ കാഴ്ചയിൽ തിളങ്ങുന്നു
നാം വേനൽക്കാലത്തെക്കുറിച്ച് സംസാരിക്കുന്നു.
ചിറകുകളിൽ മധുരഗീതവുമായ്
വിളവിന്റെ പാടങ്ങളെ കൊയ്തെടുത്തു കൊണ്ട്’.
അടുത്തും അകലെയുമായ്
മേഘങ്ങളുടെ വിരമിക്കൽ നോക്കി കാണുന്നു.
മുഖത്തെ തണുത്ത മഞ്ഞിനെ തുടച്ചു കൊണ്ട്
നാം കാലത്തിന്റെ കഥകൾ
പറഞ്ഞു കൊണ്ടേയിരിക്കുന്നു.
ധമനികളുടെ ആഴങ്ങളിൽ
അവ മുങ്ങിപ്പോകുന്നു.
നാം വിചാരിക്കുന്നു
അവ ഇല്ലാതായെന്ന്.
പക്ഷേ, പെട്ടന്നവ പ്രത്യക്ഷപ്പെടുന്നു.
മുടിയിഴകൾ
വെളുത്ത കൊറ്റികളാവുന്നു.
ചുണ്ടുകൾ
ഉണങ്ങി വരളുന്നു
(യൂസഫ് അൽ ഖാൽ – ലബനീസ് – സിറിയൻ കവി. 1917 ൽ ജനനം. പത്രപ്രവർത്തകനും പ്രസാധകനുമായിരുന്നു. അറബി ഭാഷയിലെ ഒന്നാംകിട സർ റിയലിസ്റ്റ് കവിയായാണ് യൂസഫ് അൽ ഖാലിനെ പരിഗണിക്കുന്നത്. 1987 മാർച്ചിൽ അന്തരിച്ചു. )