National
വൃദ്ധന്‍, സമ്പന്നന്‍, അപകടകാരി; മോദിയെ വിമര്‍ശിച്ചതിന് ജോര്‍ജ് സോറോസിനെതിരെ ജയ്ശങ്കര്‍
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ മോദിക്കെതിരെ ശതകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ്ജ് സോറോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
ന്യൂഡല്‍ഹി| ശതകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ്ജ് സോറോസിനെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ജോര്‍ജ്ജ് സോറോസിനെ ന്യൂയോര്‍ക്കില്‍ നിന്നുള്ള വൃദ്ധന്‍, സമ്പന്നന്‍, അപകടകാരിയായ വ്യക്തി എന്നാണ് ജയ്ശങ്കര്‍ വിശേഷിപ്പിച്ചത്. ലോകം തന്റെ തീരുമാനങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് സോറോസിനുള്ളതെന്നും വിദേശകാര്യമന്ത്രി വിമര്‍ശിച്ചു.
ഇഷ്ടക്കാര്‍ ജയിച്ചാല്‍ തെരഞ്ഞെടുപ്പ് നല്ലതാണെന്നും, ഫലം മറിച്ചാണെങ്കില്‍ അത് മോശം ജനാധിപത്യമാണെന്നും ഇത്തരക്കാര്‍ പറഞ്ഞു നടക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഇത്തരം ആളുകള്‍ അപകടകാരിയാണ്, ഇല്ലാകഥകള്‍ മെനയുന്നതിനും പ്രചരിപ്പിക്കുന്നതിനും ഇത്തരക്കാര്‍ കോടികള്‍ ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ മന്ത്രി ക്രിസ് ബ്രൗണുമായി ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശതകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ്ജ് സോറോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. സോറോസിന്റെ പരാമര്‍ശത്തില്‍ മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജയ്ശങ്കറിന്റെ ഈ പ്രസ്താവന.