Connect with us

Ongoing News

ഒളിംപിക്‌സ്: സിന്ധുവും ശരത്തും ഇന്ത്യന്‍ പതാകയേന്തും

ഷൂട്ടര്‍ ഗഗന്‍ നാരംഗാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നിസ് താരം എ ശരത് കമലും ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടര്‍ ഗഗന്‍ നാരംഗാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് (ചെഫ് ഡി മിഷന്‍).

ഇതിഹാസ ബോക്‌സിംഗ് താരം മേരി കോമിന് പകരമാണ് നേതൃത്വം നാരംഗിന് നല്‍കിയിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് ഒഴിവാകുകയാണെന്ന് ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഏപ്രിലില്‍ അറിയിച്ചിരുന്നു. മാര്‍ച്ചിലാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ (ഐ ഒ എ) മേരി കോമിനെ സംഘത്തിന്റെ നേതൃത്വമേല്‍പ്പിച്ചിരുന്നത്.

രാജ്യത്തെ നയിക്കാന്‍ ഒരു ഒളിംപിക് മെഡല്‍ ജേതാവിനെ തേടുകയായിരുന്നുവെന്നും യുവതാരമായ ഗഗന്‍ നാരംഗ്, മേരി കോമിന് പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും ഐ ഒ എ പ്രസിഡന്റ് പി ടി ഉഷ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഏറെ പ്രധാനപ്പെട്ട കാര്യനിര്‍വഹണ പദവിയാണ് ചെഫ് ഡി മിഷന്‍. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ ക്ഷേമം ഉറപ്പുവരുത്തുക, അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുക, സംഘാടക കമ്മിറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക തുടങ്ങിയവ ചെഫ് ഡി മിഷന്റെ ഉത്തരവാദിത്തമാണ്.

Latest