Oman
ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍
'പ്രവാസം: ചരിത്രമെഴുതിയ പ്രയാണങ്ങള്‍' എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ നാഷനല്‍ സാഹിത്യോത്സവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.
മസ്‌കത്ത് | കലാലയം സാംസ്‌കാരിക വേദി ഒമാന്‍ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് അല്‍ ഹൈല്‍ പ്രിന്‍സ് പാലസില്‍ നടക്കും. സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
‘പ്രവാസം: ചരിത്രമെഴുതിയ പ്രയാണങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ നാഷനല്‍ സാഹിത്യോത്സവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. സാഹിത്യ ചര്‍ച്ചകള്‍, സാംസ്‌കാരിക സദസുകള്‍, സാഹിത്യോത്സവ് അവാര്‍ഡ് തുടങ്ങിയവും അനുബന്ധമായി നടക്കും.
കവിത പാരായണം, സോഷ്യല്‍ ട്വീറ്റ്, മാപ്പിളപ്പാട്ട്, ഉറുദു ഗാനം, നശീദ, ഖവാലി, ദഫ് മുട്ട്, ഹൈക്കു ഉള്‍പ്പെടെ 80 ഇനങ്ങളിലായി പതിനൊന്ന് സോണുകളില്‍ നിന്ന് മുന്നൂറിലധികം മത്സരികള്‍ നാഷനല്‍ തലത്തില്‍ പങ്കെടുക്കും. യൂനിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷം മസ്‌കത്ത്, ബൗഷര്‍, സീബ്, ബര്‍ക, ജഅലാന്‍, ബുറൈമി, സുഹാര്‍, ഇബ്ര, നിസ്വ, സലാല, സൂര്‍ എന്നീ 11 സോണ്‍ സാഹിത്യോത്സവങ്ങളും കഴിഞ്ഞാണ് പ്രതിഭകള്‍ സീബില്‍ എത്തുക. സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും, 9481 7292, 96561016 എന്നീ നമ്പറുകളില്‍ രജിസ്ട്രേഷന് ബന്ധപ്പെടാവുന്നതാണ്.
നാഷനല്‍ സാഹിത്യോത്സവ് വിജയത്തിനായി ബി കെ അബ്ദുല്‍ ലത്തീഫ് ഹാജി ചെയര്‍മാനും ഹബീബ് അഷ്റഫ് കണ്‍വീനറുമായി സ്വാഗത സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വൈസ് ചെയര്‍മാന്‍: ഇസ്മാഈല്‍ സഖാഫി കാളാട്, നജീബ് മണക്കാടന്‍. ജോയിന്റ് കണ്‍വീനര്‍: സമീര്‍ ഉസ്മാന്‍, നിസാം കതിരൂര്‍. കോര്‍ഡിനേറ്റേഴ്സ്: ജമാലുദ്ദീന്‍ ലത്തീഫി, ഡോ. ജാബിര്‍ ജലാലി. ഫൈനാന്‍സ് ചെയര്‍മാന്‍: അബ്ദുല്‍ ഖാദര്‍ ഹാജി പെരളശ്ശേരി. ഫൈനാന്‍സ് കണ്‍വീനര്‍: ജബ്ബാര്‍ പി സി കെ. അംഗങ്ങള്‍: റഫീഖ് ധര്‍മടം, ഉസ്മാന്‍ ഹൈല്‍, ഖാരിജത് എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികള്‍.
വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബി കെ അബ്ദുല്‍ ലത്തീഫ് ഹാജി കെവി ഗ്രൂപ്പ്, ജനറല്‍ കണ്‍വീനര്‍ ഹബീബ് അഷ്റഫ്, ആര്‍ എസ് സി നാഷനല്‍ ജനറല്‍ സെക്രട്ടറി മുനീബ് കൊയിലാണ്ടി, എക്സിക്യൂട്ടീവ് സെക്രട്ടറി വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ, സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, ഖാസിം മഞ്ചേശ്വരം, മിസ്അബ് കൂത്തുപറമ്പ് സംബന്ധിച്ചു.