National
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള 16ന് അധികാരമേല്‍ക്കും
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍
ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെയാണ് ഒമര്‍ അബ്ദുള്ള നയിക്കുക.ആറ് വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസാണ് ഭരണം പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്.
2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. 90 അംഗ നിയമസഭയില്‍ 48 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലേക്കെത്തുന്നത്.ഇതു രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്.