omicrone
ഒമിക്രോണ്‍ വ്യാപനം: കൊവിഡ് പരിശോധന പരമാവധി കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
പനി, ചുമ, തലവേദന, തൊണ്ട വേദന, ശ്വാസതടസ്സം, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കൊവിഡാണെന്ന് സംശയിക്കുകയും പരിശോധന നടത്തുകയും വേണമെന്നും കേന്ദം
ന്യൂഡല്‍ഹി | രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1200 പിന്നിട്ട സാഹചര്യത്തില്‍, ടെസ്റ്റിംഗ് കപ്പാസിറ്റി പൂര്‍ണ്ണമായി ഉപയോഗിച്ച് കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. പനി, ചുമ, തലവേദന, തൊണ്ട വേദന, ശ്വാസതടസ്സം, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കൊവിഡാണെന്ന് സംശയിക്കുകയും പരിശോധന നടത്തുകയും വേണമെന്നും കേന്ദം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയും ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ബൂത്തുകൾ സ്ഥാപിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ജില്ലാ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സംവിധാനം ഒരുക്കണം. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് ഒരു ആരോഗ്യ കേന്ദ്രത്തിനും അക്രഡിറ്റേഷന്‍ ആവശ്യമില്ലെന്നും കത്തില്‍ പറയുന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സുരക്ഷിത അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
നിലവില്‍ 3,117 ടെസ്റ്റിംഗ് ലബോറട്ടറികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിദിനം രണ്ട് ദശലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം.