omicrone kerala
ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ ആറിരട്ടി വ്യാപന ശേഷി; മുന്നറിയിപ്പുകള്‍ അവഗണിക്കരുത്- വീണാ ജോര്‍ജ്
തെറ്റായ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടി
തിരുവനന്തപുരം | ഒമിക്രോണ്‍ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ ഒരു പ്രശ്‌നമല്ല. അത് വന്ന് പൊവട്ടെ എന്ന തരത്തില്‍ പ്രചരാണം നടക്കുന്നുണ്ട്. ഇത് തെറ്റാണ്. സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന തരത്തില്‍ ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് പിന്നില്‍ മരുന്ന് കമ്പനികളാണോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് കൊവിഡ് ട്രീറ്റ്‌മെന്റിനും മറ്റ് ട്രീറ്റ്‌മെന്റിനും ആവശ്യമായ എല്ലാ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡെല്‍റ്റ വകഭേദത്തിന്റെ അത്രക്ക് ശാരീരിക പ്രശ്‌നങ്ങളില്ലെങ്കിലും പനി അടക്കമുള്ള അസുഖങ്ങള്‍ ഇതിനുമുണ്ട്. എന്നാല്‍ ഒമിക്രോണ്‍ രോഗികളില്‍ ഭൂരിഭാഗത്തിനും മണവും രുചിയും പോകുന്നില്ല. എങ്കിലും ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് അവഗണിച്ചാല്‍ സ്ഥിതി വഷളാകും. ആശുപത്രിയില്‍ എത്തിക്കുന്ന രോഗികളുടെ എണ്ണം കൂടും. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.
സംസ്ഥാനത്ത് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ അതിതീവ്ര വ്യാപനമാണ്. ഡെല്‍റ്റയേക്കാള്‍ അഞ്ചോ, ആറോ ഇരട്ടിയാണ് ഒമിക്രോണിന്റെ വ്യാപനം. അടുത്ത ഒരു മാസം നിര്‍ണായകമാണ്. സാമൂഹിക അകലം പാലിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം. വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ അത് പൂര്‍ത്തീകരിക്കണം. മാസ്‌ക് ധരിക്കുന്നതും വാക്‌സിനെടുക്കുന്നതും പ്രധാനമാണ്. ക്ലസ്റ്റര്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
സംസ്ഥാനം മൂന്നംഘട്ട വ്യാപനത്തെ നേരിടാന്‍ നേരത്തെ തയ്യാറായിരുന്നു. സംസ്ഥാനത്ത് ഐ സി യു ബെഡുകള്‍ സര്‍ക്കാര്‍ തലത്തില്‍ 3007, സ്വകാര്യ ആശുപത്രികളില്‍ ഏഴായിരത്തിന് മുകളിലുമുണ്ട്. നിലവില്‍ 71 മെട്രിക് ടണ്‍ ഓക്‌സിജനാണ് ആവശ്യം. എന്നാല്‍ ഇതിന്റെ നിരവധി ഇരട്ടി ഓക്‌സിജന്‍ സംഭരിച്ച് വെച്ചിട്ടുണ്ട്. വെന്റിലേറ്ററുകളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്.