omicron varient
ഒമിക്രോൺ; ബൂസ്റ്റർ ഡോസ് വേണമെന്ന് ഐ എം എ
ഒമിക്രോൺ കേസ് രാജ്യത്ത് വേഗത്തിൽ ഇരട്ടിയാകുമെന്നും ഐ എം എ നേതാക്കൾ പറഞ്ഞു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും വിവിധ രാജ്യങ്ങളിലെ സ്ഥിതികളും വെച്ച് വലിയ വ്യാപനശേഷി ഒമിക്രോണിനുണ്ട്
ന്യൂഡൽഹി | ഒമിക്രോൺ വ്യാപകമായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വാക്‌സീൻ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐ എം എ). ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകണമെന്നും കുട്ടികൾക്കുള്ള വാക്‌സീനേഷൻ വേഗത്തിൽ തുടങ്ങണമെന്നും ഐ എം എ വക്താക്കൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സീൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം. ഒമിക്രോൺ കേസ് രാജ്യത്ത് വേഗത്തിൽ ഇരട്ടിയാകുമെന്നും ഐ എം എ നേതാക്കൾ പറഞ്ഞു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും വിവിധ രാജ്യങ്ങളിലെ സ്ഥിതികളും വെച്ച് വലിയ വ്യാപനശേഷി ഒമിക്രോണിനുണ്ട്. മതിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യം മൂന്നാം തരംഗത്തെ നേരിടേണ്ടി വരും. വാക്‌സീൻ നടപടികൾ ശക്തമാക്കുകയാണ് പ്രധാന വഴി.
മുതിർന്ന പൗരന്മാരിൽ അമ്പത് ശതമാനത്തിലധികം പേർ വാക്‌സീൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. അണുബാധ ഗുരുതരമാകുന്നത് വാക്‌സീൻ തടയുമെന്നും ഐ എം എ പറഞ്ഞു.
അതേസമയം, ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്‌സീനിലും കുട്ടികളുടെ വാക്സീനേഷനിലും തീരുമാനം വൈകിയേക്കില്ല. ഇക്കാര്യം ചർച്ച ചെയ്യാനുള്ള കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ യോഗം ഇന്നലെ ഡൽഹിയിൽ ചേർന്നിരുന്നു.