OMICRON
ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി; വാര്‍ റൂം തുറന്ന് നടപടി ശക്തമാക്കണമെന്ന് കേന്ദ്രം
രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, വലിയ ഒത്തുചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക, വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുക, ഓഫീസുകള്‍, വ്യവസായങ്ങള്‍, പൊതുഗതാഗതം എന്നിവയിലെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി | കൊവിഡ് വകഭേദമായ ഒമിക്രോണ്‍ പടരുന്നതിനെതിരെ സജീവമായ നടപടിയെടുക്കാന്‍ വാര്‍ റൂമുകള്‍ സജീവമാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇതിന്റെ വ്യാപനം തടയാന്‍ വാര്‍ റൂമുകള്‍ സജീവമാക്കാനും ജില്ലാ തലത്തിലോ പ്രാദേശിക തലത്തിലോ സജീവമായ നടപടികള്‍ കൈക്കൊള്ളാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, വലിയ ഒത്തുചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക, വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുക, ഓഫീസുകള്‍, വ്യവസായങ്ങള്‍, പൊതുഗതാഗതം എന്നിവയിലെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഡെല്‍റ്റ വഭേദം ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഇത് മുന്നില്‍കണ്ട് കൂടുതല്‍ ദീര്‍ഘവീക്ഷണം, ഡാറ്റാ വിശകലനം, ചലനാത്മകമായ തീരുമാനമെടുക്കല്‍, പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും കര്‍ശനവും വേഗത്തിലുള്ള നിയന്ത്രണ നടപടികള്‍ തുടങ്ങിയവ ആവശ്യമാണെന്ന് രാജേഷ് ഭൂഷണ്‍ പറഞ്ഞു. കൊവിഡ് ബാധിച്ചവരെ കുറിച്ചും അതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനത്തെക്കുറിച്ചുമുള്ള ഡാറ്റകള്‍ നിരന്തരമായി അവലോകനം ചെയ്യണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, അതിന്റെ വിനിയോഗം, മനുഷ്യവിഭവശേഷി, കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധി നിശ്ചയിക്കല്‍ തുടങ്ങിയ കാര്യങ്ങളും അവലോകനം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.