omicrone kerala
ഒമിക്രോണ്‍: സംസ്ഥാനത്ത് ഇന്ന് ഉന്നത അവലോകന യോഗം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോയെന്ന് തീരുമാനിക്കും

തിരുവനന്തപുരം കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ നടക്കുന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ് സഹാചര്യം വിലയിരുത്തും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനുളള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
അതിനിടെ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെ ഒമിക്രോണ്‍ സാഹചര്യം പരിശോധിക്കും. ഇവരുടെ അഭിപ്രായങ്ങളും വൈകിട്ട് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ഇന്നലെ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ 16 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.