Business
ഒമിക്രോണ്‍: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് എണ്ണവില കുത്തനെ ഇടിഞ്ഞു
ക്രൂഡ് ഓയില്‍ ഉപഭോക്താക്കളായ രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരം പുറത്തിറക്കി നടത്തിയ ഇടപെടലിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിതരണം വര്‍ധിച്ചേക്കുമെന്നുള്ള ആശങ്കകളും വിലയിടിവിന് കാരണമായിട്ടുണ്ട്.

ജനീവ | കൂടുതല്‍ അപടകകാരിയായ കൊവിഡ് വകഭേദം, ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് എണ്ണ വില കുത്തനെ ഇടിഞ്ഞു. ബ്രെന്‍ഡ് ക്രൂഡോയിലിന് 80 ഡോളറിന് താഴെയാണ് ഇപ്പോള്‍ വില. ബാരലിന് അഞ്ച് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ഏപ്രിലിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്.
ബി.1.1.529 എന്ന കൊവിഡ് വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയാണ് ഇതിന് ഒമിക്രോണ്‍ എന്ന് പേര് നല്‍കിയത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ വൈറസ് വകഭേദങ്ങളെക്കാളും അപകടകാരിയും അതിവേഗം പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന ഒന്നാണ് ഒമിക്രോണ്‍. ഇതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതാണ് വിലയിടിവിന് ഇടയാക്കിയത്.
ക്രൂഡ് ഓയില്‍ ഉപഭോക്താക്കളായ രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ശേഖരം പുറത്തിറക്കി നടത്തിയ ഇടപെടലിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിതരണം വര്‍ധിച്ചേക്കുമെന്നുള്ള ആശങ്കകളും വിലയിടിവിന് കാരണമായിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളാണ് കരുതല്‍ ശേഖരം പുറത്തിറക്കാന്‍ തീരുമാനിച്ചത്.
അമേരിക്ക ഉള്‍പ്പെടെയുള്ള ഉപഭോഗ രാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ പുറത്തിറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.
ഹോങ്കോംഗില്‍ ക്വാറന്റൈനില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ വിനോദസഞ്ചാരിയിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇയാളെ കൂടാതെ ഒരാള്‍ക്കു കൂടി പുതിയ വകഭേദത്തില്‍ നിന്നുള്ള രോഗബാധയേറ്റതായി സംശയിക്കുന്നുണ്ട്.