National
ഒമിക്രോണ്‍ ഭീതി: കര്‍ണാടകയില്‍ 28 മുതല്‍ രാത്രികാല കര്‍ഫ്യു
ഡിസംബര്‍ 28 മുതല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.
ബെംഗളൂരു | ഒമിക്രോണ്‍ വൈറസ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നു. 10 ദിവസത്തേക്കാണ് നിയന്ത്രണമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. ഡിസംബര്‍ 28 മുതല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.
രാത്രി കര്‍ഫ്യൂവിനൊപ്പം, പുതുവര്‍ഷവുമായി ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ചില നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കൊവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഇന്ത്യയില്‍ ഇതുവരെ 422 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്