POPULAR FRONT RALLEY
വിദ്വേഷ മുദ്രാവാക്യം: 24 പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി കസ്റ്റഡിയില്‍
നേരത്തെ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയില്‍വിട്ടു; പ്രകോപന മുദ്രാവാക്യത്തില്‍ ഉത്തരവാദി സംഘാടകരെന്ന് ഹൈക്കോടതി
ആലപ്പുഴ | പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേര്‍ കൂടി കസ്റ്റഡിയില്‍. റാലിയില്‍ പ്രകോപന മുദ്രാവാക്യം വിളിച്ച പോപ്പുലര്‍ഫ്രണ്ടുകാരാണ് കസ്റ്റഡിയിലായത്. ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ്, അന്‍സാര്‍ എന്നിവരെ ഈ മാസം 31വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ വിവിധ സ്ഥലങ്ങളില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനായാണ് പോലീസിന് വിട്ടുനല്‍കിയത്.
അതിനിടെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ സംഘാടകരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. റാലിയില്‍ പങ്കെടുക്കുന്നവര്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചാല്‍ സംഘാടകരാണ് ഉത്തരവാദി. സംഭവത്തില്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. റാലിക്കെതിരെ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്.
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞെന്നും എറണാകുളം ജില്ലക്കാരനാണെന്നും കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.