Connect with us

Agnipath

പ്രതിഷേധങ്ങള്‍ക്കിടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് കരസേന വിജ്ഞാപനം ഇറക്കി

ജൂലൈയില്‍ രജിസ്‌ട്രേഷന്‍; ഡിസംബര്‍ ആദ്യവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളായി പരിശീലനം

Published

|

Last Updated

ന്യൂഡല്‍ഹി | ഉദ്യോഗാര്‍ഥികളുടെ അടങ്ങാത്തെ പ്രതിഷേധങ്ങള്‍  അവഗണിച്ചും കരസേനയിലേക്ക് അഗ്നിപഥ് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം ഇറങ്ങി. ജൂലൈ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നാണ് വിവരം.
കരസേനയുടെ ചുവടുപിടിച്ച് വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.

അതിനിടെ അഗ്‌നിപഥിനെതിരെ പ്രതിഷേധം ബിഹാറില്‍ കുറഞ്ഞെങ്കിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമാണ്. ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഇന്ന് വലിയ പ്രതിഷേധങ്ങളുണ്ടായത്. എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വര്‍ധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.