National
ത്രിപുരയില്‍ ഭേദപ്പെട്ട പോളിംഗ്; നാല് മണിക്കൂറിൽ 32 ശതമാനം കടന്നു
നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് രണ്ടിനാകും വോട്ടെണ്ണല്‍
അഗര്‍ത്തല| ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. രാവിലെ 7-മണിക്ക് പോളിംഗ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 11 മണി വരെ 32 ശതമാനത്തിൽ അധികം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് വൈകിട്ട് 4 വരെ തുടരും. കനത്ത സുരക്ഷസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വോട്ടിങ്ങിനായി 3337 പോളിങ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 1100 എണ്ണം പ്രശ്നബാധിത ബൂത്തുകളും 28 എണ്ണം അതീവ പ്രശ്നബാധിത ബൂത്തുകളുമാണ്. 28 ലക്ഷത്തോളം വോട്ടര്‍മാരാണ് ത്രിപുരയിലുള്ളത്.
തൊട്ടടുത്ത സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമുള്ള അതിര്‍ത്തികള്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് രണ്ടിനാകും വോട്ടെണ്ണല്‍.
അധികാരം നിലനിര്‍ത്തി ഭരണതുടര്‍ച്ച നേടാനുള്ള ശ്രമത്തിലാണ് ത്രിപുരയില്‍ ബിജെപി. അവരുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണിത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച് ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള പ്രവര്‍ത്തനമാണ് പ്രചരണഘട്ടത്തില്‍ സിപിഎം നടത്തിയത്. രണ്ട് പ്രധാന മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് ത്രിപുരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനൊരുങ്ങുന്ന തിപ്ര മോത്ത പാര്‍ട്ടിക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.