Kerala
പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഭരണഘടനയുടെ ആമുഖം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് മലയാള സിനിമയിലെ പ്രമുഖര്‍
ആയിരക്കണക്കിന് ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു
തിരുവനന്തപുരം | അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനിടെ ഭരണഘടനയുടെ ആമുഖം സോഷ്യല്‍മീഡിയയില്‍ പങ്ക് വെച്ച് മലയാള സിനിമയിലെ പ്രമുഖര്‍. അഭിനേതാക്കളായ പാര്‍വതി തിരുവോത്ത് , റിമ കല്ലിങ്കല്‍ , ദിവ്യ പ്രഭ , രാജേഷ് മാധവന്‍ , കനി കുസൃതി , സംവിധായകരായ ജിയോ ബേബി , ആഷിഖ് അബു , കമാല്‍ കെ എം , കുഞ്ഞില മാസിലാമണി , ഗായകന്‍ സൂരജ് സന്തോഷ് തുടങ്ങിയവരാണ് ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഭരണഘടനയുടെ ആമുഖത്തിലെ നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര , സ്ഥിതിസമത്വ , മതനിരപേക്ഷ , ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി , ചിന്ത , ആശയാവിഷ്‌കാരം, വിശ്വാസം , ഭക്തി , ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യം , സ്ഥാനമാനങ്ങള്‍ , അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍ വെച്ച് , 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു എന്ന ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പാര്‍വതി തിരുവോത്ത് ‘ നമ്മുടെ ഇന്ത്യ ‘ എന്ന അടിക്കുറിപ്പോടെയാണ് ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്. റിമ കല്ലിങ്കല്‍ ‘ നീതി , സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം ‘ എന്നീ ഭരണഘടനാ മൂല്യങ്ങള്‍ അടിക്കുറിപ്പില്‍ എഴുതി.
ആയിരക്കണക്കിന് ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ വലതുപക്ഷ പ്രവര്‍ത്തകര്‍ ഇവരെ ‘ ഹിന്ദു വിരുദ്ധര്‍ ‘ എന്ന് ആക്ഷേപിച്ചു.