Connect with us

Story

ആ ദിനത്തിൽ

സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കുന്ന വേളയിൽ തൊണ്ണൂറ്റിയൊൻപത് കഴിഞ്ഞ ആ വൃദ്ധനെയും ഭരണകൂടം ആദരിക്കുകയുണ്ടായി. പ്രായത്തിന്റെ വല്ലായ്‌മകൾ അലട്ടുന്നുണ്ട് എന്നതല്ലാതെ മറ്റ് ഗുരുതരമായ രോഗങ്ങളൊന്നും ആ വൃദ്ധനിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖർ അദ്ദേഹത്തിന്റെ വസതിയിലെത്തി അദ്ദേഹത്തെ പൊന്നാട ചാർത്തി ആദരിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ മഹത്വത്തെ വാനോളം പുകഴ്ത്തുകയും ചെയ്‌തു.

Published

|

Last Updated

സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കുന്ന വേളയിൽ തൊണ്ണൂറ്റിയൊൻപത് കഴിഞ്ഞ ആ വൃദ്ധനെയും ഭരണകൂടം ആദരിക്കുകയുണ്ടായി. പ്രായത്തിന്റെ വല്ലായ്‌മകൾ അലട്ടുന്നുണ്ട് എന്നതല്ലാതെ മറ്റ് ഗുരുതരമായ രോഗങ്ങളൊന്നും ആ വൃദ്ധനിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖർ അദ്ദേഹത്തിന്റെ വസതിയിലെത്തി അദ്ദേഹത്തെ പൊന്നാട ചാർത്തി ആദരിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ മഹത്വത്തെ വാനോളം പുകഴ്ത്തുകയും ചെയ്‌തു. രാജ്യത്ത് ജീവിച്ചിരിക്കുന്ന വിരലിലെണ്ണാവുന്ന സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാൾ കൂടിയായിരുന്നല്ലോ അദ്ദേഹം. എല്ലാ മാധ്യമങ്ങളും ആ വൃദ്ധന് അർഹിക്കുന്ന പരിഗണനതന്നെ കൊടുക്കുകയും ചെയ്‌തു.

ആളും ആരവവും ഒഴിഞ്ഞ സന്ധ്യാനേരത്ത് പതിവുപോലെ അദ്ദേഹം ടിവിക്കുമുന്നിൽ ഇരിപ്പുറപ്പിച്ചു. കാഴ്ചയ്ക്കും കേൾവിക്കും പ്രായം വരുത്തിയ കോട്ടങ്ങൾ ഉണ്ടെങ്കിലും കണ്ണടയുടെയും ശ്രവണസഹായിയുടെയും പിൻബലത്തിൽ പത്രവായനയും ടിവി ചാനലുകളിലെ ന്യൂസുകളും അദ്ദേഹത്തിന്റെ ദിനചര്യകളിൽ മുടങ്ങാത്ത ശീലങ്ങളായിരുന്നു. ചാനൽ ചർച്ചകളും കൗതുകത്തോടെ അദ്ദേഹം നിരീക്ഷിച്ചിരുന്നു.

രാഷ്ട്രീയ അഴിമതികൾ, സ്ത്രീപീഡനങ്ങളിൽ പ്രമുഖരായവരുടെ പങ്കാളിത്തങ്ങൾ, നീതിനിർവഹണത്തിലെ കെടുകാര്യസ്ഥത തുടങ്ങിയതൊക്കെയായിരുന്നു പതിവുപോലെ ചാനൽ ചർച്ചകളിലെ വിഷയങ്ങൾ. വഴിവിട്ട രീതിയിൽ നടത്തുന്ന ഉദ്യോഗസ്ഥ നിയമനങ്ങൾ, നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങൾ, കള്ളക്കടത്തു സംഭവങ്ങളിൽ രാഷ്ട്രീയക്കാരുടെ പങ്കാളിത്തങ്ങൾ, ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതികൾ, നീതിനടപ്പിലാക്കേണ്ട സംവിധാനങ്ങൾ കൈക്കൂലി വാങ്ങി നടത്തുന്ന ഒത്തുകളികൾ… അങ്ങനെ പോവുന്നു സ്വാതന്ത്രാനന്തര രാജ്യത്തെ നേട്ടങ്ങൾ.

ഒരു നെടുവീർപ്പോടെ ആ വൃദ്ധൻ ടിവി ചാനൽ ഓഫ് ചെയ്‌തു. പിന്നെ തന്റെ ചാരുകസേരയിൽ കണ്ണടച്ച് നിവർന്നുകിടന്നു.
ആ നിമിഷം പലപല വിചാരങ്ങൾ ആ വൃദ്ധമനസ്സിലൂടെ കടന്നുപോയി. എഴുപത്തിയഞ്ചു കൊല്ലം മുൻപുള്ള ഈ നാടിന്റെ നേർചിത്രം തെളിനീർജലം പോലെ ആ മനസ്സിൽ നിറഞ്ഞൊഴുകി. ബ്രിട്ടീഷ് ബൂട്ട്സിന്റെ കനത്ത പ്രഹരങ്ങളേറ്റിട്ടും തകരാതിരുന്ന ആ നെഞ്ചകം ഒന്നു പിടഞ്ഞു. ഏതൊരു പുലർവെട്ടത്തിനുവേണ്ടിയാണോ അന്ന് താനുൾപ്പെടെ ഒരു മഹാ ജനസഞ്ചയം പൊരുതിയത്, ആ പുലർവെട്ടം ഇന്ന് കാർമേഘപടലങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു എന്ന് ആ വൃദ്ധഹൃദയം വേദനയോടെ മനസ്സിലാക്കി. സ്വാതന്ത്ര്യത്തിന് അന്ന് കൽപ്പിച്ചിരുന്ന അർഥമൂല്യങ്ങൾ ഇന്ന് ദിശമാറി എങ്ങോട്ടോ ഒഴുകുന്നു.

ഒരു ദീർഘനിശ്വാസത്തോടെ ആ വൃദ്ധൻ കണ്ണുകൾ തുറന്നു. തൊട്ടുമുന്നിൽ ഭിത്തിയിൽ മറ്റൊരു വൃദ്ധനായ അർധനഗ്നന്റെ പുഞ്ചിരിക്കുന്ന മുഖം തന്നെ നോക്കി ആശ്വസിപ്പിക്കുന്നതുപോലെ അയാൾക്ക് തോന്നി. സ്വാതന്ത്ര്യം ഒരു മഞ്ഞുമൂടിയ വികാരമായി അയാളെ പൊതിയാൻ തുടങ്ങി. ആ മഞ്ഞുപാളികൾക്കിടയിലൂടെ അയാൾ ഭിത്തിയിലെ ആ അർധ നഗ്നന്റെ അരികിലേക്ക് സാവകാശം ഒഴുകിയെത്തി. എന്നിട്ട് ആ പുഞ്ചിരിക്കുന്ന മനുഷ്യന്റെ ശോഷിച്ച നഗ്നമായ മാറിടത്തിനുള്ളിലൂടെ ഇനിയും കെട്ടുപോകാത്ത നന്മയുടെ പ്രകാശം ചൊരിയുന്ന ആ ഹൃദയത്തിനുള്ളിൽ മറ്റൊരു പ്രകാശബിന്ദുവായി അദ്ദേഹവും അലിഞ്ഞുചേർന്നു.

akanilkumar1963@gmail.com