railway privatisation
റെയിൽവേ സ്റ്റേഷൻ നടത്തിപ്പ് കുത്തകകളുടെ ട്രാക്കിൽ
സ്വകാര്യ മേഖലക്ക് കൈമാറുന്നത് ലോകോത്തര നിലവാരത്തിലെത്തിക്കാനെന്ന് വാദം
പാലക്കാട് | റെയിൽവേ സ്വകാര്യവത്്കരണത്തിന്റെ ഭാഗമായി സ്റ്റേഷൻ നടത്തിപ്പും സ്വകാര്യപങ്കാളിത്തത്തിന്. യാത്രക്കാരുടെ സൗകര്യം ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനാണ് സ്വകാര്യ മേഖലക്ക് കൈമാറുന്നതെന്നാണ് വിശദീകരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭോപാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷൻ ഈ മാസം 15ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെയാണ് സ്റ്റേഷനുകളും സ്വകാര്യപങ്കാളിത്തത്തിന്റെ പാതയിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകുന്നത്.
450 കോടി ചെലവിൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപറേഷൻ നവീകരിച്ച സ്റ്റേഷൻ നടത്തിപ്പ് പൊതു സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും. ജനത്തിരക്ക് നിയന്ത്രിക്കാൻ പ്രത്യേകം എൻട്രി എക്സിറ്റ് ഗേറ്റുകൾ, എസ്‌കലേറ്റർ, ലിഫ്റ്റ്, 700 മുതൽ 1,100 യാത്രക്കാർക്കുവരെ ഇരിക്കാനുള്ള തുറസ്സായ സ്ഥലം, ഫുഡ് കോർട്ട്, റസ്റ്റോറന്റ, എ സി വിശ്രമ മുറികൾ, ഡോർമിറ്ററി, വി ഐ പി ലോഞ്ചിംഗ് മുറികൾ, 160ഓളം സി സി ടി വി ക്യാമറകൾ, കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങൾ എന്നിവയും സ്റ്റേഷനിൽ ഒരുക്കുന്നുണ്ട്. ഇതിന്റെ നടത്തിപ്പ് സ്വകാര്യ കുത്തക കമ്പനികൾക്കായിരിക്കും നൽകുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഈ വർഷം രാജ്യത്ത് 21 ഓളം സ്റ്റേഷനുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതിയുണ്ട്. കൊല്ലം, എറണാകുളം റെയിൽവേ സ്റ്റേഷനുകളും ഇതിലുൾപ്പെടും. 12,000 കോടിയുടെ ബൃഹദ് പദ്ധതിയിലാണ് ദക്ഷിണ റെയിൽവേയിൽ ഈ സ്റ്റേഷനുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളെയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ മധുര, രാമേശ്വരം, കന്യാകുമാരി, പുതുശ്ശേരിയിൽ പുതുശ്ശേരി സ്റ്റേഷൻ എന്നിവയാണ് ഇവ. സൗത്ത് സെൻട്രൽ റെയിൽവേയിൽ തിരുപ്പതി, നെല്ലൂർ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. നിലവിൽ അതത് ഡിവിഷൻ കേന്ദ്രങ്ങളോട് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനും ടെൻഡറുകൾ ക്ഷണിക്കാനുള്ള കരട് തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ സ്വകാര്യ കുത്തകകൾക്ക് വരുമാനം ലക്ഷ്യമാക്കി വൻകിട റെയിൽവേ സ്റ്റേഷന്റെ നടത്തിപ്പ് നൽകുകയും ലാഭകരമല്ലാത്ത സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതിനും റെയിൽവേ ലക്ഷ്യമിടുന്നതായി അറിയുന്നു. ഇത്തരത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ ദീർഘ സ്ഥലങ്ങളിൽ കുറഞ്ഞ നിരക്കിൽ എത്താവുന്ന യാത്രാ സൗകര്യമായ റെയിൽവേ അന്യമാകുമെന്നാണ് റെയിൽവേ ട്രേഡ് യൂനിയൻ സംഘടനകൾ പറയുന്നത്.