From the print
സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആദ്യമായി ഓണക്കിറ്റ്; കിറ്റില്‍ എട്ട് ഇനങ്ങള്‍
സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്.
തിരുവനന്തപുരം | സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി സാധനങ്ങള്‍ ശേഖരിച്ചാണ് കിറ്റ് നല്‍കുക. ശര്‍ക്കര, ചായപ്പൊടി, പഞ്ചസാര, ചെറുപയര്‍ പരിപ്പ് തുടങ്ങിയ എട്ട് ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ വകുപ്പും സിക്കിള്‍സെല്‍ രോഗികളുടെ കൂട്ടായ്മയും ചേര്‍ന്ന് വെള്ളി, ശനി ദിവസങ്ങളില്‍ കിറ്റ് വിതരണം ചെയ്യും. സിക്കിള്‍സെല്‍ ചികിത്സക്ക് നൂതന സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കി വരുന്നത്. ഹീമോഫീലിയ, തലാസീമിയ, സിക്കിള്‍ സെല്‍ രോഗികള്‍ക്ക് സഹായവുമായി ആശാധാര പദ്ധതി നടപ്പാക്കി വരുന്നു. ആശാധാരക്ക് ഓരോ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പരിശീലനം നേടിയ ഫിസിഷ്യന്‍മാരുടെയും അര്‍പ്പണബോധമുള്ള സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം ഒരുക്കി. മാനന്തവാടി ആശുപത്രിയില്‍ പത്ത് കിടക്കകളുള്ള പ്രത്യേക വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.
രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് സേവനം ലഭ്യമാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.