Kerala
തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദം; മുന്‍ അധ്യക്ഷക്കെതിരെ കേസെടുത്ത് വിജിലന്‍സ്
2021ല്‍ ഓണസമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്ന പരാതിയിലാണ് കേസ്.
തൃക്കാക്കര | തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തില്‍ മുന്‍ നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസെടുത്തു. 2021ല്‍ ഓണസമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്ന പരാതിയിലാണ് കേസ്. അജിത തങ്കപ്പനു പുറമെ നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടര്‍ പ്രകാശ് കുമാറും കേസില്‍ പ്രതിയാണ്.
അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗൂഢാലോചന, അഴിമതി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഓണാഘോഷത്തിനായി റവന്യൂ ഇന്‍സ്‌പെക്ടര്‍ പ്രകാശ് കുമാറാണ് പണം പിരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കടകളില്‍ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ചുവെന്നും ഈ പണം കവറിലാക്കി കൗണ്‍സിലര്‍മാര്‍ക്ക് വീതിച്ച് നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പണം വാങ്ങാതിരുന്നവരാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്.