Connect with us

Uae

അബൂദബി എമിറേറ്റില്‍ ഓണാഘോഷത്തിന് തുടക്കം; ഐ എസ് സിയില്‍ 5,000 ഓണസദ്യ ഒരുക്കും

വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് അനുസൃതമായി സംഘടിപ്പിക്കുന്ന ഓണാഘോഷം അടുത്ത മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കും.

Published

|

Last Updated

അബൂദബി | രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയുടെ ഇടവേളക്ക് ശേഷം അബൂദബി എമിറേറ്റില്‍ ഇനി ഓണനാളുകള്‍. വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് അനുസൃതമായി സംഘടിപ്പിക്കുന്ന ഓണാഘോഷം അടുത്ത മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കും. അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ എസ് സി ) ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 11 ന് ഞായറാഴ്ച തുടക്കമാകും. രാവിലെ ഏഴ് മുതല്‍ പത്ത് വരെ പൂക്കള മത്സരവും 11.30 മുതല്‍ വൈകിട്ട് നാല് വരെ ഓണ സദ്യയും നടക്കും.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 5,000 ഓണ സദ്യയാണ് ഈ വര്‍ഷം ഐ എസ് സി ഒരുക്കുന്നത്. ഒക്ടോബര്‍ ഒമ്പതിന് തിരുവാതിരയും സെപ്തംബര്‍ 12, 13, 14, 15 തീയതികളില്‍ വൈകിട്ട് എട്ട് മുതല്‍ ഓണക്കളികളും നടക്കും. സെപ്തംബര്‍ 16 ന് വൈകിട്ട് ഏഴിന് സിദ്ധാര്‍ഥ് മേനോന്‍, അഞ്ജു ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഐ എസ് സി ഒരുക്കിയിട്ടുണ്ട്.

ഓണാഘോഷം കെങ്കേമമാക്കാന്‍ വിവിധ സംഘടനകള്‍
വടകര എന്‍ ആര്‍ ഐ ഫോറം സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് സെപ്തംബര്‍ 25 ന് മുസഫ അഹല്യ ആശുപത്രിയില്‍ നടക്കുന്ന പൂക്കള മത്സരത്തോടെ തുടക്കമാകും. വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പായസ മത്സരം ഒക്ടോബര്‍ ഒന്നിന് മുസഫ എല്‍ എല്‍ എച്ച് ആശുപത്രിയില്‍ നടക്കും. ഒക്ടോബര്‍ രണ്ടിന് അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷവും പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള ഓണ സദ്യയും നടക്കും.

മലയാളി സമാജം സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് ഓണം സദ്യയും ഓണം സാംസ്‌കാരിക പരിപാടിയും സെപ്തംബര്‍ 17 ന് ശനിയാഴ്ച സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ എസ് സി) നടക്കും. രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയാണ് സമാജം ഈ വര്‍ഷം ഒരുക്കുന്നത്. സദ്യയോടനുബന്ധിച്ച് പ്രശസ്ത പിന്നണി ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു, നിഖില്‍ തമ്പി എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികളും അരങ്ങേറും. മധുരം പൊന്നോണം എന്ന തലക്കെട്ടില്‍ സമാജം ലേഡീസ് വിംഗ് സംഘടിപ്പിക്കുന്ന പായസ മത്സരം സെപ്തംബര്‍ 10ന് വൈകിട്ട് നാലിനും മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന മാധ്യമ സെമിനാര്‍ വൈകിട്ട് ആറിനും സമാജം ഓഡിറ്റോറിയത്തില്‍ നടക്കും.

പയ്യന്നൂര്‍ സൗഹൃദ വേദി അബൂദബി ഘടകം സംഘടിപ്പിക്കുന്ന ഓണാഘോഷവും ഓണ സദ്യയും സെപ്തംബര്‍ 18 ന് ഞാറാഴ്ച രാവിലെ പത്ത് മുതല്‍ വൈകിട്ട് വരെ വിവിധ കലാപരിപാടികളോടെ അബൂദബി ഐ എസ് സി യില്‍ നടക്കും. അബൂദബി കേരള സോഷ്യല്‍ സെന്റര്‍ ഓണാഘോഷത്തിന് സെപ്തംബര്‍ 24 ന് തുടക്കമാകും. ഒക്ടോബര്‍ രണ്ടിന് അത്തപ്പൂ മത്സരവും ഓണക്കളികളും അരങ്ങേറും. ഒക്ടോബര്‍ ഒമ്പതിന് ഓണസദ്യ ഒരുക്കും. എന്‍ എസ് എസ് അബൂദബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 18 ന് ഞായറാഴ്ച അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ എസ് സി) നടക്കും. മലയാളികളുടെ നിയന്ത്രണത്തില്‍ അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലും അടുത്ത ദിവസങ്ങളില്‍ ഓണാഘോഷം നടക്കും.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest