Connect with us

Onam 2021

ഓണം പ്രതീക്ഷയിലും പ്രത്യക്ഷത്തിലും

ഇക്കുറി ഓണം ഓർമയിൽ മാത്രം ഒതുക്കത്തോടെ മൗനിച്ചു നിൽക്കുന്നു. തുന്പപ്പൂവേ, മുക്കുറ്റിപ്പൂവേ, ക്ഷമിക്കണേ. തുന്പികളെ, പൊൻവെയിലേ, മനുഷ്യരാശിയുടെ ഗതികേടോർത്ത് മടങ്ങുകയാണോ? പോകരുത്, വരാതിരിക്കില്ല മാനവകുലത്തിന്റെ ഏകത പ്രഖ്യാപിക്കുന്ന സർവാശ്ലേഷിയായ മഹാസന്ദേശത്തിന്റെ പൂക്കാലം. പ്രതീക്ഷയിലെ ഓണത്തിന് പ്രത്യക്ഷത്തിലെ ഒാണത്തേക്കാൾ പത്തരമാറ്റ്!

Published

|

Last Updated

സത്യത്തിൽ ഓർമയാണ് ഓണം. പ്രതീക്ഷയാണ്… വർണമാണ്… വസന്തമാണ്… കഥയാണ്… പാട്ടാണ്… സദ്യയാണ്… കലയാണ്… കളിയാണ്…സ്വാതന്ത്ര്യമാണ്… ഉത്സാഹമാണ്…ഉത്സവമാണ്…ഒരുമയാണ്… മാനവജീവിത വൃത്തത്തിലെ ഏറ്റവും ചേതോഹരമായ സങ്കൽപ്പമാണ്…ഒരർഥത്തിൽ മലയാളിയുടെ ഓണം ഭാവനയിൽ എല്ലാമാണ്… ഉള്ളവനും ഇല്ലാത്തവനും മനസ്സുണരുന്ന കാലം. നന്മയുടെ പുനരാഗമനം വിളംബരം ചെയ്യപ്പെടുന്ന ഭരണ നീതിയുടെ ഐശ്വര്യകാലം.

ചിങ്ങമാസം പിറന്നു. മഴ ചിണുങ്ങിച്ചിണുങ്ങി സ്ഥലം വിട്ടു. മാനം തെളിഞ്ഞു. പച്ച നാന്പുകൾ പൂവിടർത്തി. ചിത്രശലഭങ്ങൾ പാറിക്കളിച്ചു. ഇളവെയിലും ചെറുകാറ്റും കൈകോർത്തു നടന്നു. ഓലേഞ്ഞാലികൾ ഊഞ്ഞാലാടി. കരിയിലകൾ ആരവമിട്ടു. നീർച്ചോലകൾ പൊട്ടിച്ചിരിച്ചു. അത്തം പിറക്കാൻ ഞങ്ങൾ കുട്ടികൾ കാത്തിരുന്നു. പുത്തനുടുപ്പിന്റെ മണം സ്വപ്നത്തിലാസ്വദിച്ച് ഉറങ്ങാതെ കിടന്നു. പുലരിമഞ്ഞ് വെൺമുത്ത് വാരിയെറിഞ്ഞു. അക്കരയും ഇക്കരയും പെലിവിളികളുണർന്നു. മുറ്റത്ത് പൂക്കളമൊരുങ്ങി.
കൊയ്തൊഴിഞ്ഞ പാടം കുസൃതിപ്പാദങ്ങൾക്കായി കാത്തുകിടന്നു. മെതിയും അളവും കഴിഞ്ഞ്, പറ നിറഞ്ഞു, പത്തായം നിറഞ്ഞു. പട്ടിണിയുടെ വറചട്ടിയിൽ അരിമണികൾ നൃത്തം ചെയ്തു. ഒട്ടിയ വയറുകൾ സദ്യവട്ടങ്ങൾക്ക് കൊതി പിടിച്ചു.

നോക്കുന്നിടത്തെല്ലാം കുട്ടികൾ കളിമേളങ്ങളിൽ തുടിച്ചുമറിയുന്നു. പന്തുകളി, വെട്ടുകളി, കുട്ടിയും കോലും കളി, ഉറിയടി, പുലിക്കളി, തിരുവാതിരക്കളി, പാളകളി…
സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിമർപ്പിൽ നാട്ടോണം പൊടിപൊടിക്കുന്നു…
പ്രിയപ്പെട്ട ഓർമകളേ, വിട! പുരാണ കഥകളേ, ഐതീഹ്യങ്ങളെ, മാപ്പ് ! കൊറോണ എന്നൊരു ശാപം ഞങ്ങളുടെ തിരുവോണ സങ്കൽപ്പങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഒരുമ വേണ്ട, കൂട്ടു വേണ്ട, പാട്ട് വേണ്ട, പരസ്പരം തൊട്ടുപോകരുത്, തൊടുന്നവന് ഭീതി, മുഖാവരണം, കൈകഴുകൽ, വാക്സീൻ, മുടുപടങ്ങൾ, ഭീതിയുടെ നാളുകളിൽ അടച്ചിട്ട വഴികളിൽ എവിടെ നാട്ടുത്സവം?!
സ്വന്തക്കാരും ബന്ധുക്കളും പങ്ക് ചേരാതെ എങ്ങനെ ആഹ്ലാദം? കന്പോളമേ, നിന്റെ കൗശലപ്പരസ്യങ്ങളിൽ വാർത്തകളുടെ ഓണപ്പൊലിമ പല്ലിളിച്ചു കാണിക്കുന്നു. പത്രത്താളിലെയും ചാനലിലെയും ഓണം ജീവിതത്തിലില്ല. കലകളുടെ ലോകം മ്ലാനമായിരിക്കുന്നു. താളമേളങ്ങളുടെ സംഗമവീഥി വിജനമായിരിക്കുന്നു. മനുഷ്യർ ഒരുമിക്കാത്ത ഇടങ്ങളിൽ ഓണസന്ദേശത്തിന് സ്ഥാനമില്ല. ” മാനുഷരെല്ലാരും ഒന്നുപോലെ’ പേടിച്ചു കഴിയുന്പോൾ അരക്ഷിതാവസ്ഥയുടെ പെരുംപാദം ആകാശത്തോളം വളർന്നുകഴിഞ്ഞിരിക്കുന്നു.
ഇക്കുറി ഓണം ഓർമയിൽ മാത്രം ഒതുക്കത്തോടെ മൗനിച്ചു നിൽക്കുന്നു. തുന്പപ്പൂവേ, മുക്കുറ്റിപ്പൂവേ, ക്ഷമിക്കണേ. തുന്പികളെ, പൊൻവെയിലേ, മനുഷ്യരാശിയുടെ ഗതികേടോർത്ത് മടങ്ങുകയാണോ? പോകരുത്, വരാതിരിക്കില്ല മാനവകുലത്തിന്റെ ഏകത പ്രഖ്യാപിക്കുന്ന സർവാശ്ലേഷിയായ മഹാസന്ദേശത്തിന്റെ പൂക്കാലം. പ്രതീക്ഷയിലെ ഓണത്തിന് പ്രത്യക്ഷത്തിലെ ഒാണത്തേക്കാൾ പത്തരമാറ്റ്!

---- facebook comment plugin here -----

Latest