Connect with us

കാലം എത്രയൊക്കെ മാറിയാലും ഓണക്കാലം മലയാളിയുടെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. മഹാമാരി ജീവിതത്തെ വരിഞ്ഞു മുറുക്കിയിട്ടും ഉള്ളില്‍ ഓണക്കാലത്തിന്റെ ഹര്‍ഷവാരവം ഉണരുന്നു. കേരളീയന്‍ എവിടെയാണെങ്കിലും പൊന്നിന്‍ ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്തോണം എല്ലാ സങ്കടങ്ങളേയും മറക്കാനുള്ളതാണ്. കാണം വിറ്റും ഓണമുണ്ട പൂര്‍വകാലം അതാണ് സാക്ഷ്യപ്പെടുത്തിയത്.

ഈ ഓണക്കാലത്ത് ഞങ്ങള്‍ ഈ പടി കടന്നു വന്നത് ഓണത്തിന്റെ പൂര്‍വകാല സൗഭാഗ്യങ്ങള്‍ ഉള്ളിലൊതുക്കി കഴിയുന്ന കുറച്ചു മനുഷ്യരെ തേടിയാണ്. അവര്‍ പല പ്രായക്കാര്‍, പല നാട്ടുകാര്‍… അവര്‍ക്കു തെരുവായിരുന്നു അഭയം. കുടുംബത്തില്‍ പിറന്ന് അച്ഛനമ്മമാരുടെ അരുമകളായി വളര്‍ന്നവര്‍. പല കാരണങ്ങള്‍ കൊണ്ട് കുടുംബത്തില്‍ നിന്നു ചിതറിത്തെറിച്ച് തെരുവില്‍ അഭയം തേടിയവര്‍. പതിറ്റാണ്ടുകള്‍ക്കപ്പുറം വീടുമായുള്ള ബന്ധമറ്റവര്‍. ബന്ധങ്ങളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍. ഭാര്യയും കുട്ടികളും കുടുംബവുമെല്ലാം ഉണ്ടായിട്ടും വീടുവിട്ടവര്‍…

അങ്ങിനെ എത്രയോ മനുഷ്യര്‍. കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ജില്ലാ ഭരണ കൂടം തെരുവില്‍ നിന്നു കണ്ടെടുത്തതാണ് അവരെ. അവരില്‍ ചിലര്‍ വര്‍ഷങ്ങളായി ലോഡ്ജുകളിലാണ് കഴിഞ്ഞത്. ലോഡ്ജുകള്‍ അടച്ചപ്പോള്‍ കടത്തിണ്ണകളായി അഭയം. നേരത്തെ സൈന്യത്തിലും പോലീസിലും ജോലി ചെയ്തവരുണ്ട്. പലകാരണങ്ങളാല്‍ കുടുംബം വിട്ടിറങ്ങിയവര്‍. പോകാനിടമില്ലാത്ത അത്തരം മനുഷ്യരുടെ അഭയകേന്ദ്രമാണിത്.

ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ചേവായൂരില്‍ ഉണ്ടായിരുന്ന ആതുരാലയത്തിന്റെ കാടുമൂടിയ ഭൂമിയും തകര്‍ന്ന കെട്ടിടങ്ങളും കടന്നെത്തുമ്പോള്‍ ഉള്ളില്‍ ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുത്തന്‍ പുനരധിവാസ കേന്ദ്രം തെളിയും.

വീഡിയോ കാണുക…

Latest