From the print
തറവാട് പാണക്കാട് തന്നെയാണെന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മാപ്പ് പറഞ്ഞ ചരിത്രം സവര്‍ക്കറിന്റേത്; ഇവിടെ അതല്ല ഉണ്ടായത്.
മലപ്പുറം | മുസ്ലിം ലീഗിന്റെയും ഇ കെ വിഭാഗത്തിന്റെയും തറവാട് പാണക്കാട് തന്നെയെന്ന് ആണയിട്ട് ഇ കെ വിഭാഗം നേതാവ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. ഇന്നലെ പാണക്കാട് എം എസ് എഫ് സംഘടിപ്പിച്ച ‘പാണക്കാടിന്റെ പൈതൃകം’ ക്യാമ്പയിനിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ലീഗ് വിരുദ്ധരായ ഇ കെ വിഭാഗം നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചത്.
അങ്ങനെ ഒരു തറവാടും നേതൃത്വവുമില്ലെന്നും ഒരു തറവാടിനും ഒരു തമ്പുരാനും ഈ ആദര്‍ശത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ നാടിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ എല്ലാ വഴികളിലും നിന്നത് ആ തറവാടാണെന്ന ബോധ്യമുണ്ടാകണമെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് മുഹമ്മദ് ഫൈസി പ്രസംഗം അവസാനിപ്പിച്ചത്. ഈ കോളിളക്കങ്ങള്‍ മുമ്പും ഉണ്ടായിരുന്നുവെന്നും പാണക്കാട് കുടുംബം കുറേ കണ്ടെതാണെന്നും അദ്ദേഹം പറഞ്ഞു. ഇ കെ വിഭാഗത്തിലെ ഒരു പക്ഷം പാണക്കാട് കുടുംബത്തിനെതിരെ നീങ്ങുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഹമ്മദ് ഫൈസിയുടെ തിരുത്ത്.
പാണക്കാട് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ സ്വാതന്ത്ര്യ സമര പങ്കാളിത്തം വ്യാജമാണെന്ന ഇ കെ വിഭാഗം നേതാക്കളുടെ പരാമര്‍ശത്തെയും മുഹമ്മദ് ഫൈസി വിമര്‍ശിച്ചു. മാപ്പുപറഞ്ഞ ചരിത്രം സവര്‍ക്കറിന്റേതാണ്. ഇവിടെ അതല്ല ഉണ്ടായത്. ചരിത്രമറിയാത്തവരാണ് അത്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ ദോഷം മാത്രം കാണാന്‍ ശ്രമിക്കുന്നു. ദോഷം കാണാനുള്ള കണ്ണല്ല വേണ്ടതെന്നും എന്നിട്ട് ഈ കുടുംബത്തിലേക്ക് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസഥാന പ്രസിഡന്റ് പി കെ നവാസ് അധ്യക്ഷത വഹിച്ചു. കെ പി രാമനുണ്ണി, സി പി സൈതലവി പ്രസംഗിച്ചു.