National
കാര്‍ഷിക മേഖലയ്ക്ക് ഒന്നര ലക്ഷം കോടി രൂപ; അഞ്ച് സംസ്ഥാനങ്ങളില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നല്‍കും
ന്യൂഡല്‍ഹി | കേന്ദ്ര ബഡ്ജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് ഈ സാമ്പത്തികവര്‍ഷം 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനവും വിതരണവും കാര്യക്ഷമമാക്കാന്‍ ഫണ്ട് വിനിയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികള്‍ തയ്യാറാക്കുമെന്നും ബഡ്ജറ്റ് അവതരിപ്പിക്കെ നിര്‍മല സീതാരാമന്‍ പറഞ്ഞു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യംവെച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം നല്‍കുമെന്നും സ്വകാര്യമേഖലയെയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വിളകള്‍ അടക്കം വികസിപ്പിക്കാനുള്ള ഗവേഷണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മികച്ച ഉല്‍പാദനം നല്‍കുന്ന 109 ഇനങ്ങള്‍ വികസിപ്പിക്കും.
രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തെ ഒരുകോടി കര്‍ഷകര്‍ക്ക് ജൈവ കൃഷിക്കായി സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിങ്ങും നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും വഴി അവസരമൊരുക്കും. രാജ്യവ്യാപകമായി പതിനായിരം ജൈവ കാര്‍ഷിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രെക്ചര്‍ കൊണ്ടുവരും. ജന്‍ സമര്‍ഥ് അടിസ്ഥാനമാക്കിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടര്‍ന്ന് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.
പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ഉപഭോഗ മേഖലകളോടനുബന്ധിച്ച് വന്‍കിട കേന്ദ്രങ്ങള്‍. കാര്‍ഷിക സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി പച്ചക്കറി സംഭരണത്തിനും വിപണനത്തിനും സൗകര്യമൊരുക്കും. ചെമ്മീന്‍ ഉദ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനായി വിത്ത് ഉദ്പാദന കേന്ദ്രങ്ങള്‍. നബാര്‍ഡ് മുഖേന ധനസഹായം നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.