Eranakulam
ഒന്നരവയസ്സുകാരിയുടെ മരണം: ബിനോയി അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്
വളര്‍ത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൊച്ചി| കൊച്ചിയില്‍ ഒന്നരവയസ്സുകാരി നോറയെ ബക്കറ്റില്‍ മുക്കിക്കൊന്ന ജോണ്‍ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളര്‍ത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
ബിനോയി വീട്ടില്‍ സ്ഥിരം ശല്യക്കാരനായിരുന്നെന്ന് വളര്‍ത്തമ്മയായ ഇംതിയാസ് പറഞ്ഞു. 14 ദിവസം പ്രായമുളളപ്പോള്‍ ബിനോയിയെ എടുത്തുവളര്‍ത്തിയതാണ് ഇവര്‍. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങള്‍ അവര്‍ പൊലീസിനോട് പറഞ്ഞു. കോഴിയെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊല്ലുന്ന ശീലവും തെരുവ് നായ്ക്കളുടെ കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്ന ശീലവും ബിനോയ്ക്കുണ്ടായിരുന്നു.
വളര്‍ത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇയാള്‍ ഉള്‍പ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.