Kerala
പത്തു ചാക്ക് ലഹരി പദാര്‍ഥങ്ങളുമായി കൊല്ലത്ത് ഒരാള്‍ പിടിയില്‍
ഇരവിപുരം സ്വദേശി ജോര്‍ജിനെ അറസ്റ്റ് ചെയ്തു

കൊല്ലം | പത്തു ചാക്ക് നിരോധിത ലഹരി പദാര്‍ഥങ്ങളുമായി കൊല്ലത്ത് ഒരാള്‍ പിടിയില്‍. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ജോര്‍ജ് ആണ് അറസ്റ്റിലായത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരത്തെ ജോര്‍ജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പത്തു ചാക്കുകളിലായി ലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. ജോര്‍ജിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.
ഒളിവിലുള്ള മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.അന്‍പതു ചാക്ക് ലഹരി പദാര്‍ഥങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ വഞ്ചിക്കോവില്‍ സ്വദേശി ദീപുവിന്റെ സുഹൃത്താണ് പിടിയിലായ ജോര്‍ജ്. ഇരവിപുരത്ത് പ്രതികള്‍ ചേര്‍ന്ന് ആകെ 200 ചാക്ക് നിരോധിത ലഹരി പദാര്‍ഥങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വന്നത് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഒളിവില്‍ പോയ ദീപുവിനെ പിടികൂടിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്.