National
നൂറ്‌കോടി ഡോസ് വാക്‌സീന്‍: ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
100 കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ന്യൂഡല്‍ഹി| നൂറ് കോടി ഡോസ് കൊവിഡ് വാക്സീന്‍ വിതരണംചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. വാക്സീന്‍ വിതരണത്തില്‍ ഇന്ത്യ നിര്‍ണായക ചുവടുവെപ്പാണ് നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കഠിനപ്രയത്നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.
100 കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്സീന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സീന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന വാക്സീന്‍ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് അമിത് ഷാ ട്വീറ്ററില്‍ കുറിച്ചു.